ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ സുനാമിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബാന്റണ് പ്രവിശ്യയിലെ വിനോദ സഞ്ചാര കേന്ദ്രമായ ടാൻജംഗ് ലെസംഗിൽ മ്യൂസിക് ഷോ നടക്കുന്പോൾ സുനാമി തിരകൾ ഇരച്ചുകയറുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
സ്റ്റേജിൽ ഷോ നടക്കുന്പോൾ പെട്ടെന്ന് സുനാമി തിരകൾ എത്തുകയും സ്റ്റേജ് തകരുകയുമായിരുന്നു. സ്റ്റേറ്റ് ഇലക്ട്രിസിറ്റി കന്പനിയായ പെരുസഹാൻ ലിസ്ത്രിക് നെഗേര(പിഎൽഎൻ) ജീവനക്കാരും അവരുടെ കുടുംബാഗങ്ങളുമാണ് ഷോയിൽ പങ്കെടുത്തിരുന്നത്.
ഇതിനിടെ തിര ഇരച്ചുകയറി സ്റ്റേജ് തകർന്നു. സ്റ്റേജിലുണ്ടായിരുന്നവർ വെള്ളത്തിനടിയിലായി ഒഴുകിപ്പോയി. വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ റോയിട്ടേഴ്സ് വാർത്താ ഏജൻസിക്കു കഴിഞ്ഞിട്ടില്ല.