ന്യൂയോർക്ക്: ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജ ഇന്ദ്ര നൂയിയും. പന്ത്രണ്ടു വർഷം പെപ്സികോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആയിരുന്ന ഈ അറുപത്തിമൂന്നുകാരി കഴിഞ്ഞ ഓഗസ്റ്റിലാണു വിരമിച്ചത്. സ്ഥാനം ലഭിച്ചാൽ ലോകബാങ്ക് തലപ്പത്തു വരുന്ന ആദ്യ ഇന്ത്യക്കാരിയാകും ഇന്ദ്ര.
ഇന്ദ്ര നൂയിയെ പരിഗണിക്കുന്നതായി ന്യൂയോർക്ക് ടൈംസ് പത്രമാണു റിപ്പോർട്ട് ചെയ്യുന്നത്. ആക്സിയോസ് എന്ന വെബ്സൈറ്റും ഇതു റിപ്പോർട്ട് ചെയ്തു. ലോകബാങ്ക് പ്രസിഡന്റിനെ കണ്ടെത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സഹായിക്കുന്ന പുത്രി ഇവാങ്ക ഇന്ദ്രയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
(ഇവാങ്ക ലോക ബാങ്ക് പ്രസിഡന്റ് പദത്തിലേക്കു പരിഗണിക്കപ്പെടുന്നതായി നേരത്തെ വന്ന റിപ്പോർട്ടുകൾ നിഷേധിക്കപ്പെട്ടിരുന്നു). ദക്ഷിണ കൊറിയക്കാരൻ ജിം യോംഗ് കിം രാജി പ്രഖ്യാപിച്ചതോടെയാണ് ലോകബാങ്ക് അധ്യക്ഷ പദവിയിൽ ഒഴിവുവന്നത്.
ലോകബാങ്ക് പ്രസിഡന്റിനെ അമേരിക്കയും ഐഎംഎഫ് മാനേജിംഗ് ഡയറക്ടറെ യൂറോപ്യൻ രാജ്യങ്ങളും തീരുമാനിക്കുന്നതാണു കീഴ്വഴക്കം. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്ന്യൂചിൻ, വൈറ്റ് ഹൗസ് ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മുൾവാനി എന്നിവരാണ് ഇവാങ്കയോടൊപ്പം സെലക്ഷൻ കമ്മിറ്റിയിൽ ഉള്ളത്.
നൂയിയെ ട്രംപ് തന്റെ ബിസിനസ് കൗൺസിലിലേക്കു 2017ൽ നോമിനേറ്റ് ചെയ്തിരുന്നു. ചാർലോട്ട്സ് വീലിൽ കറുത്തവർഗക്കാരെ വെള്ളക്കാർ ആക്രമിച്ച സംഭവത്തിൽ ട്രംപ് വെള്ളക്കാരെ ന്യായീകരിച്ചപ്പോൾ നിരവധിപേർ കൗൺസിലിൽനിന്നു രാജിവച്ചതിനാൽ ആ കൗൺസിൽ യോഗം ചേർന്നില്ല.
നൂയിക്കു പദവി ലഭിക്കാൻ പല തടസങ്ങൾ ഉണ്ട്. 2016ൽ ട്രംപിനെ നൂയി പിന്തുണച്ചിരുന്നില്ല. (എതിരാളിയെയും പിന്തുണച്ചില്ല). 2016ൽ ട്രംപ് ജയിച്ചശേഷം ഒരു സെമിനാറിൽ ട്രംപിന്റെ നയങ്ങളെ നിശിതമായി വിമർശിച്ചു നൂയി പ്രസംഗിക്കുകയും ചെയ്തു. ട്രംപിനെ പേരെടുത്തു പറയാതെ അദ്ദേഹത്തിന്റെ നയങ്ങളെ വിമർശിക്കുകയായിരുന്നു.
പരിഗണിക്കപ്പെടുന്ന മറ്റാൾക്കാർ യുഎസ് ട്രഷറി അണ്ടർ സെക്രട്ടറി ഡേവിസ് മൽപാസ്, ഓവർസീസ് പ്രൈവറ്റ് ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ പ്രസിഡന്റ് റേ വാഷ്ബേൺ, ലോക ബാങ്കിൽ മുന്പു മാനേജിംഗ് ഡയറക്ടറായിരുന്ന എൽഗോസി ഒകോത്തോ ഐവിയാല, ശ്രീ മാല്യാനി ഇന്ദ്രവതി എന്നിവരാണ്. ഇന്ദ്രവതി ഇന്തോനേഷ്യക്കാരിയും എൻഗോസി നൈജീരിയക്കാരിയുമാണ്.
ചെന്നൈയിൽ ജനിച്ച ഇന്ദ്ര കൃഷ്ണമൂർത്തി വിവാഹശേഷമാണ് ഇന്ദ്ര നൂയി എന്നറിയപ്പെടാൻ തുടങ്ങിയത്. മദ്രാസ് ക്രിസ്ത്യൻ കോളജ്, ഐഐഎം കൽക്കട്ട, യേൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠിച്ചു. കരുത്തരായ നൂറു വനിതകളുടെയും മികച്ച ബിസിനസുകാരുടെയും പട്ടികകളിൽ സ്ഥിരസാന്നിധ്യമായിരുന്നു അവർ.