ഓര്‍മയില്ലേ ആ പൂച്ചക്കണ്ണിയായ പെണ്‍കുട്ടിയെ… മമ്മൂട്ടിച്ചിത്രം ക്രോണിക് ബാച്ച്‌ലറിലെ പ്രതിനായിക ഭവാനിയെ അത്ര പെട്ടെന്ന് മലയാളികള്‍ മറക്കില്ല. ‘ഇന്‍ഡിപെന്‍ഡന്‍സ്’, ‘ഉസ്താദ്’, ‘എഫ്‌ഐആര്‍’, ‘ശ്രദ്ധ’, ‘ബെന്‍ ജോണ്‍സണ്‍’, ‘വാര്‍ ആന്‍ഡ് ലവ്’ തുടങ്ങി നിരവധി മലയാളസിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ഇന്ദ്രജ 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.
നവാഗത സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ദ്രജയുടെ തിരിച്ചുവരവ്. ‘ട്വല്‍ത്ത് സി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ആശ പൈ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജ അവതരിപ്പിക്കുന്നത്.
‘കരിയറില്‍ നീണ്ട ഇടവേളയൊന്നും ഞാനെടുത്തിരുന്നില്ല. തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. സാമൂഹിക പ്രസക്തിയുള്ള ഒരു കഥാപാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു തോന്നി,’ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജ പറഞ്ഞു. ബിസിനസുകാരിയുടെയും അമ്മയുടെയും റോളുകള്‍ സമന്വയിപ്പിച്ചു കൊണ്ടുപോകുന്ന സ്ത്രീയായാണ് ഇന്ദ്രജ വേഷമിടുന്നത്
പതിവു മകള്‍ അമ്മ റിലേഷന്‍ഷിപ്പില്‍ നിന്നും വ്യത്യസ്തമായൊരു കഥയാണ് ചിത്രം പറയുന്നതെന്ന് ഇന്ദ്രജ പറയുന്നു. രാജേഷ് തില്ലങ്കരി തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, മധുപാല്‍, അഭിജിത്ത്, ബാലാജി, യുവശ്രീ, ഗ്രിഗറി, അനില്‍ നെടുമങ്ങാട്, പ്രകാശ് മേനോന്‍, അക്ഷത്ത് സിംഗ്, അശ്വിന്‍, സിബി തോമസ് എന്നിവരാണ് മറ്റു താരങ്ങള്‍. ഫിലിം മേക്കേഴ്‌സ് ക്ലബ്ബിന്റെ ബാനറില്‍ മഹേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകനാഥന്‍ എസ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം മേയ് പത്തിന് ഷൂട്ടിംഗ് ആരംഭിക്കും.
തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി എഴുപത്തിയഞ്ചോളം ചിത്രങ്ങളിലും നിരവധിയേറെ ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ട ഇന്ദ്രജയുടെ ആദ്യചിത്രം തമിഴില്‍ റിലീസ് ചെയ്ത ‘ഉഴൈപ്പാലി’ ആയിരുന്നു. പിന്നീട് തെലുങ്ക്, കന്നട ചിത്രങ്ങളുടെ ഭാഗമായ ഇന്ദ്രജ കെ. മധു സംവിധാനം ചെയ്ത ഗോഡ്മാനിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. ടെലിവിഷന്‍ താരമായ മുഹമ്മദ് അബ്‌സറാണ് ഇന്ദ്രജയുടെ പങ്കാളി. 2005ല്‍ വിവാഹിതരായ ഇവര്‍ക്ക് പതിനൊന്നു വയസ്സുകാരിയായ ഒരു മകളുമുണ്ട്.