അച്ഛന് സുകുമാരനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന് ഇന്ദ്രജിത്ത്. ഒരു ചാനലിലാണ് താരം സുകുമാരനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്. മലയാളികള്‍ വില്ലനായും നായകനായും സഹനടനായും വെള്ളിത്തിരയില്‍ കണ്ട് ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്ത നടന്റെ വ്യത്യസ്തമായ മുഖം പരിചയപ്പെടുത്തുകയായിരുന്നു താരം.
ഞങ്ങള്‍ സ്കൂളില്‍ പഠിക്കുന്ന കാലത്താണ് അച്ഛന്റെ മരണം. എന്നെ സംബന്ധിച്ച് എന്ത് സംശയം തീര്‍ക്കാനും അച്ഛന് ഉണ്ടായിരുന്നു. എന്തു തുറന്ന് പറയാവുന്ന ആളായിരുന്നു അദ്ദേഹം. നല്ല വിവരമുള്ള ഒരാള്‍. ഒരുപാട് വായിക്കുമായിരുന്നു. വീട്ടിലെ മൂന്ന് മുറികള്‍ നിറയെ പുസ്തകങ്ങളായിരന്നു. എന്ത് വിഷയത്തെ കുറിച്ചും നന്നായി സംസാരിക്കാനുള്ള അറിവും കുഞ്ഞുങ്ങളായിരുന്ന ഞങ്ങള്‍ക്ക് അത് മനസിലാക്കി തരാനുള്ള കഴിവും ഉണ്ടായിരുന്നു. തിരക്കിനിടയിലും ഞങ്ങള്‍ക്കൊപ്പം കളിക്കാനും കൂടും.
തികച്ചും ലളിതമായ ജീവിതം നയിച്ചിരുന്ന വ്യക്തി. ഹവായി ചെരുപ്പ് മാത്രമേ അച്ഛന് ഇടാറുള്ളൂ. ഞങ്ങള്‍ ചോദിക്കാറുണ്ട് അച്ഛനോട് ‘ഈ ചെരുപ്പൊന്ന് മാറ്റിക്കൂടേ’ എന്ന്. അപ്പോള്‍ പറയും, ഹാ ഇതു മതിയെടാ… നാളെ നീ വാങ്ങിച്ചിട്ടോ… അച്ഛന് ആ സമയത്ത് അങ്ങനെ ജീവിച്ചതുകൊണ്ടാകാം അച്ഛന്റെ മരണശേഷവും എനിക്കും അമ്മയ്ക്കും പൃഥ്വിയ്ക്കും അല്ലലില്ലാതെ ജീവിക്കാനായതെന്നും ഇന്ദ്രജിത് പറയുന്നു.