മുംബൈ: വിവാദമായ ഷീന ബോറ വധക്കേസിന് വിചിത്രമായ പുതിയ ട്വിസ്റ്റ്. ഷീന ജീവനോടെയുണ്ടെന്ന് അവകാശപ്പെട്ട് അമ്മയും കേസിലെ മുഖ്യപ്രതിയുമായ ഇന്ദ്രാണി മുഖര്‍ജി.
ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ സിബിഐക്ക് കത്തയച്ചു. മകൾ കാഷ്മീരിൽ ജീവനോടെയുണ്ടെന്നാണ് ഇന്ദ്രാണിയുടെ അവകാശവാദം.
ഷീന ജീവിച്ചിരിപ്പുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും സിബിഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ ഇന്ദ്രാണി ആവശ്യപ്പെട്ടു.
വനിതാ തടവുകാരിയാണ് ഷീന കാഷ്മീരിൽ ജീവിച്ചിരിപ്പുണ്ടെന്നും അവർ കണ്ടുവെന്നും തന്നോട് വെളിപ്പെടുത്തിയതായി ഇന്ദ്രാണി പറയുന്നു.
ഇന്ദ്രാണി സിബിഐക്ക് കത്തെഴുതിയതായി അവരുടെ അഭിഭാഷക സന ഖാൻ സ്ഥിരീകരിച്ചു. എന്നാൽ വിശദാംശങ്ങൾ തങ്ങളുടെ പക്കലില്ലെന്ന് അഭിഭാഷക പറഞ്ഞു.
ജാമ്യത്തിനായി അപേക്ഷ സമർപ്പിക്കുമെന്നും സന ഖാൻ കൂട്ടിച്ചേർത്തു. എന്നാൽ ഇന്ദ്രാണിയുടെ പുതിയ അവകാശവാദം അന്വേഷണ സംഘം ഗൗരവത്തിൽ എടുക്കില്ലെന്നാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്.
ഇന്ദ്രാണി മുഖർജി (49) 2015 മുതൽ മുംബൈയിലെ ബൈക്കുള ജയിലിലാണ്. ആദ്യ വിവാഹത്തിലെ മകൾ ഇരുപത്തിയഞ്ചുകാരിയായ ഷീന ബോറയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
വർഷങ്ങളായി സഹോദരിയായാണ് ഇന്ദ്രാണി മകളെ കൂടെ താമസിപ്പിച്ചിരുന്നത്. ഇന്ദ്രാണി അറസ്റ്റിലായി മൂന്ന് മാസത്തിന് ശേഷം ഭർത്താവ് പീറ്റർ മുഖർജിയും അറസ്റ്റിലായി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഇന്ദ്രാണിയെ സഹായിച്ചെന്നായിരുന്നു കേസ്.
ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റോയ് തോക്കുമായി പിടിയിലായതിനെ തുടര്‍ന്നാണ് ഷീന ബോറ കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത്.
ഷീനയും ഇന്ദ്രാണിയും സഹോദരിമാരാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീടാണ് ഷീന ഇന്ദ്രാണിയുടെ മകളാണെന്ന വിവരം പുറത്തായത്.
രണ്ടാം ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിക്ക് ഉള്‍പ്പെടെ സഹോദരിയെന്നാണ് ഷീനയെ ഇന്ദ്രാണി പരിചയപ്പെടുത്തിയത്.
സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ ആയ പീറ്റര്‍ മുഖര്‍ജിയുടെ ആദ്യഭാര്യയിലെ മകന് രാഹുലുമായി ഷീന പ്രണയത്തിലായതിനെ തുടര്‍ന്നാണു കൊലപാതകം എന്നാണു പോലീസ് പറയുന്നത്.