മറയൂർ: മറയൂർ മലനിരകളിലെ കാന്തല്ലൂരിൽ ദേശാടനപക്ഷിയായ ജാപ്പനീസ് ഫ്ളൈക്കാച്ചർ എന്ന പക്ഷിയെ കണ്ടെത്തി. അത്യപൂർവമായാണ് ഇന്ത്യയിൽ ഈ ചെറുപക്ഷിയെ നിരീക്ഷകർ കണ്ടിട്ടുള്ളത്. ഫ്ളൈക്കാച്ചർ ഫാമിലിയിൽപെട്ട പതിനഞ്ചോളം ഇനങ്ങൾ കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ ഉണ്ടെങ്കിലും ജാപ്പനീസ് ഫ്ളൈക്കാച്ചറിനെ അഞ്ചുവർഷം മുൻപ് ആന്റമാനിലും 2011 മാർച്ചിൽ പൂനയിലും കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. 2017 ഫെബ്രുവരിയിൽ നെല്ലിയാന്പതിയിൽ കണ്ടിരുന്നതായി സൂചനയുണ്ട്.
ദേശാടനപക്ഷികളുടെ നിരവധി ചിത്രങ്ങൾ പകർത്തിയിട്ടുള്ള വന്യജീവി ഫോട്ടോഗ്രഫർ ആലുവ വാഴക്കുളം സ്വദേശി മനോജ് കനകാന്പരനാണ് ഇന്ദ്രനീലി പക്ഷിയുടെ ചിത്രങ്ങൾ കാന്തല്ലൂരിൽനിന്നു പകർത്തിയത്. നവംബറിൽ പക്ഷിനിരീക്ഷണത്തിനായി മറയൂർ മലനിരകളിൽ എത്തിയപ്പോഴാണ് കാന്തല്ലൂരിൽനിന്നും കുളച്ചിവയൽ ആദിവാസികോളനിയിലേക്കൂള്ള വഴിയിൽ തേൻപാറക്ക് സമീപം രാവിലെ ഏഴിനു പക്ഷിയെ സ്പോട്ട് ചെയ്തത്. വളരെ അടുത്തുകണ്ട പക്ഷി ഇന്ദ്രനീലിയാണെന്നു തോന്നിയതിനെത്തുടർന്നാണ് കാമറയിൽ പകർത്തിയത്.
ജപ്പാൻ , ചൈന, കൊറിയ എന്നീ രാജ്യങ്ങളിലാണ് ഈ പക്ഷിയെ കാണാറുള്ളത്. ഇവിടങ്ങളിലെ അതിശൈത്യകാലത്താണ് ഇവറ്റകൾ ദേശാടനം നടത്തുന്നത്. ശൈത്യം കഠിനമാകുന്പോൾ വിയറ്റ്നാം, കംബോഡിയ, സുമാത്ര തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ദേശാടനം നടത്തുന്നത്. ഇവിടങ്ങളിൽനിന്നു സ്വന്തം ആവാസ വ്യവസ്ഥയിലേക്കു തിരികെ മടങ്ങുന്പോഴാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളിൽ അപൂർവമായി എത്താറുള്ളത്.
പശ്ചിമഘട്ട മലനിരകളിൽ കാണപ്പെടുന്ന കാട്ടുനീലിയോടും (വൈറ്റ് ബെല്ലീസ് ടൂ ഫ്ളൈകാച്ചർ) നീലക്കുരുവിയോടും ( ടിക്കൽസ് ടു ഫ്ളൈക്കാച്ചർ) എന്നീ പക്ഷിയോടും വളരെയധികം സാമ്യമാണ് ജാപ്പനീസ് ഫ്ളൈകാച്ചർ എന്നും ടൂർ ആൻഡ് വൈറ്റ് ഫ്ളൈക്കച്ചർ എന്നും പേരുള്ള ഇന്ദ്രനീലി പക്ഷിക്കുള്ളത്. നീലനിറത്തിന്റെ ആകൃതിയും വ്യാപനത്തിലെ വ്യാപ്തിയും സൂക്ഷ്മ നിരീക്ഷണം നടത്തിയാണ് ഇന്ദ്രനീലിപക്ഷിയാണെന്ന് ഉറപ്പിക്കുന്നത്.
നവംബർ 23-ന് മനോജ് കനകാന്പരൻ പകർത്തിയ ചിത്രങ്ങൾ കേരളത്തിലെ പ്രമുഖ പക്ഷി നിരീക്ഷകരായ സുരു നായർ, തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ശാസ്ത്രജ്ഞൻ ആർ. സുഗതൻ എന്നിവരെ കാണിച്ചു. തുടർന്ന് ഇവരുടെ നിർദേശപ്രകാരം ലോകപ്രശ്സ്തരായ പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയിലേക്ക് അയച്ചുകൊടുത്തു. ഇത് ഇന്ദ്രനീലി തന്നെയാണെന്ന് ഇവർ കഴിഞ്ഞ ദിവസം മറുപടി നൽകി.
ഇരവികുളം നാഷണൽ പാർക്ക്, പാന്പാടുംചോല നാഷണൽ പാർക്ക്, ആനമല കടുവാ സങ്കേതം, ചിന്നാർ വന്യജീവി സങ്കേതം, മറയൂർ ചന്ദന റിസർവ് എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്ന മറയൂർ കാന്തല്ലൂർ മേഖല നിരവധി അപൂർവ പക്ഷികളുടെ ആവാസ വ്യവസ്ഥകൂടിയാണ്. ഇന്ദ്രനീലിയെ സ്പോട്ട് ചെയ്തതിനെത്തുടർന്ന് നിരവധി പക്ഷിനിരീക്ഷകരും ഗവേഷകരും ഇവിടേക്ക് എത്തുന്നുണ്ട്.