ഇന്ദ്രൻസിനു വേണ്ടി കാലം കാത്തുവച്ച പുരസ്കാരമാണിത്. വസ്ത്രാലങ്കാരത്തിലൂടെ തിരശീലയ്ക്കു പിന്നിലെത്തി അവിടെ നിന്നും അഭിനേതാവായി വെള്ളിവെളിച്ചത്തിലേക്ക് നടന്നു കയറിയ നിശബ്ദയാത്രയുടെ 36 വർഷങ്ങൾ. സിനിമയുടെ ആഘോഷക്കാഴ്ചകളിൽ നിന്നും വിവാദങ്ങളിൽ നിന്നും അകന്നു മാറി കഥാപാത്രങ്ങൾക്കായി ദാഹിച്ചു ജീവിക്കുന്ന ഒരാൾ.
നസറുദ്ദീൻ ഷാ അവതരിപ്പിച്ചതു പോലെയുള്ള കഥാപാത്രങ്ങൾ സ്വപ്നം കണ്ട അദ്ദേഹത്തിനു കിട്ടിയ ആളൊരുക്കത്തിലെ പപ്പുവാശാൻ ഒരുപക്ഷേ അത്തരമൊരു കഥാപാത്രത്തിനൊപ്പമോ അതിനേക്കാളേറെയോ മികച്ചു നിൽക്കുന്നതാണ്.
അതു തീരുമാനക്കുന്നത് പ്രേക്ഷകനാണ്. എങ്കിലും സിനിമയുടെ ’ഹാഷ്ബുഷ്’ ലോകത്ത് ഉൗറ്റം കൊള്ളാനൊന്നുമില്ലെങ്കിലും സ്വപ്നവും ജീവിതവുമായ സിനിമയെ പ്രണയിച്ച ഒരു മനുഷ്യനെ, നടനായ സാധാരണക്കാരനെ അല്ലെങ്കിൽ സാധാരണക്കാരനായ നടനെ പുരസ്കാര നിർണയസമിതി കണ്ടെത്തുന്പോൾ, അത് അദ്ദേഹത്തിന്റെ അർപ്പണബോധത്തിനു കിട്ടുന്ന അംഗീകാരം കൂടിയാകുന്നു.
സിനിമയിലെ മേക്കപ്പില്ലാത്ത ജീവിതമാണ് തൊണ്ണൂറുകളിൽ ഇന്ദ്രൻസ് എന്ന നടനെ മലയാള സിനിമയിൽ അടയാളപ്പെടുത്തിയത്. അപ്പോഴെല്ലാം ഈ നടൻ മലയാളിയെ ആവോളം ചിരിപ്പിക്കുക മാത്രമാണ് ചെയ്തത്. പക്ഷേ പതിവായി വീണു കിട്ടിയ ആ കോമാളി കഥാപാത്രങ്ങളായി തകർത്താടുന്പോൾ തന്നെ മേക്കപ്പിനുള്ളിൽ, ചാർളി ചാപ്ലിനെ പോലെ കഷ്ടപ്പാടുകളുടെ ഒരു ജീവിതം ആ നടൻ ഒളിപ്പിച്ചു വച്ചിരുന്നു. കഷ്ടപ്പാടുകൾ കുട്ടിക്കാലം മുതൽ ശീലമായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനം മാത്രം കൊണ്ട് കഴിഞ്ഞിരുന്ന ഏഴുമക്കളുള്ള കുടുംബം.
നാലാം ക്ലാസിലെത്തിയപ്പോൾ മൂത്തവരൊക്കെ പണിക്കു പോയിത്തുടങ്ങി. അവരെ പിൻതുടർന്ന് നാലാം ക്ലാസിൽ പഠിത്തം നിർത്തി അമ്മാവന്റെ തുന്നൽക്കടയിൽ ജോലിക്കുകയറി. അപ്പോഴും അഭിനയമെന്ന മോഹത്തെ മുറുകെപ്പിടിച്ചു. ഇടയ്ക്കൊക്കെ നാടകങ്ങളിൽ അഭിനയിച്ചു.
പിന്നീട് വസ്ത്രാലങ്കാത്തിലൂടെ സിനിമയിലെത്തി. വസ്ത്രാലങ്കാരത്തിനൊപ്പം ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. കോമഡി കഥാപാത്രങ്ങളിലൂടെ ഇന്ദ്രൻസ് എന്ന നടൻ മെല്ലെ മെല്ലെ മലയാളിയുടെ മനസിൽ ചുവടുറപ്പിച്ചു. പക്ഷേ അപ്പോഴും പതിവ് കോമഡി കഥാപാത്രളായി മാറി വെള്ളിത്തിരയിൽ ജീവിക്കാനായിരുന്നു അവസരങ്ങളുണ്ടായത്.
അപ്പോഴൊക്കെ മികച്ച കഥാപാത്രങ്ങൾക്കു വേണ്ടി ആഗ്രഹിച്ചു, സിനിമയെ ഒന്നു കൂടി മുറുകെപിടിച്ചു.ടി.വി ചന്ദ്രന്റെ കഥാവശേഷൻ എന്ന സിനിമ തൊട്ടാണ് ഇന്ദ്രൻസിനെ തേടി അഭിനയസാധ്യതയുള്ള റോളുകൾ എത്തിയത്.
വിശപ്പും വേദനയുമില്ലാത്ത കഥാപാത്രങ്ങളിൽ അതുവരെ തളച്ചിടപ്പെട്ട ആ നടൻ, ഉള്ളിലെ വിശപ്പും വേദനയും സിനിമയിലെ കള്ളന്റെ കഥാപാത്രത്തിലേക്കു സന്നിവേശിപ്പിച്ചു. ’കണ്ണും നട്ടു കാത്തിരുന്നിട്ടും..’ എന്നു തുടങ്ങുന്ന കഥാവശേഷനിലെ ആ ഗാനരംഗത്ത് ഉള്ളു നീറ്റുന്ന ആ കഥാപാത്രത്തെ പ്രേക്ഷകർ വേദനയോടെ തിരിച്ചറിയുകയായിരുന്നു; ഒപ്പം ആ വേഷം അഭിനയിച്ച നടന്റെ പകർന്നാട്ടത്തെയും.
പിന്നെയിങ്ങോട്ട് ക്യാരക്ടർ റോളുകളുടെ ഒരൊഴുക്കു തന്നെയായിരുന്നു ഇന്ദ്രൻസിലേക്ക്. മണ്റോതുരത്ത്, ലീല, അമീബ തുടങ്ങി ആളൊരുക്കം വരെയെത്തി നിൽക്കുന്ന സമീപകാലചിത്രങ്ങളിലൂടെ ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ വിസ്മയത്തെ ആസ്വാദകർ അനുഭവിച്ചു.
ഒടുവിൽ സംസ്ഥാന പുരസ്കാരം തേടിയെത്തിയതിനു ശേഷവും ഈ നടൻ കഥാപാത്രങ്ങൾക്കു വേണ്ടി ആവേശത്തോടെയുള്ള തന്റെ കാത്തിരിപ്പു തുടരുകയാണ്. അതു കൊണ്ടാവണം മറ്റാർക്കും പറയാനാവാത്തത് ഇന്ദ്രൻസിനു കഴിയുന്നത്; ഞാനിപ്പോഴും തുടങ്ങിയിട്ടല്ലേയുള്ളൂ..
ഡി. ദിലീപ്