ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദം ദുഖമുണ്ടാക്കിയെന്ന് ഇന്ദ്രന്‍സ്. ഇതിന്റെ പേരില്‍ ആരും പിണങ്ങരുതെന്നും താന്‍ മികച്ച നടന്റെ അവാര്‍ഡ് വാങ്ങുന്ന ചടങ്ങില്‍ എല്ലാവരും വരണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
മമ്മൂക്കയും മോഹന്‍ലാല്‍ സാറുമൊക്കെ അടങ്ങുന്ന വലിയ വിഭാഗത്തിന്റെ ചൂടും ചൂരുമേറ്റാണ് താന്‍ വളര്‍ന്നത്. അവരെയൊന്നും മാറ്റിനിര്‍ത്തി തനിക്ക് ഒരു സന്തോഷമില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. മോഹന്‍ലാലിന്റെ സാന്നിധ്യം എങ്ങനെ ചടങ്ങിനെ മങ്ങലേല്‍പിക്കുമെന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് ചോദിച്ചു.
മോഹന്‍ലാല്‍ ചടങ്ങില്‍ വരുന്നത് ആവേശമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിന് മോഹന്‍ലാലിനെ നേരിട്ട് വിളിക്കുമോ എന്ന ചോദ്യത്തിന് വിളിക്കാന്‍ തന്റെ കയ്യില്‍ നമ്പറില്ല എന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി
ഇതിനിടെ മോഹന്‍ലാലിനെ പിന്തുണച്ച് ചലച്ചിത്ര സംഘടനകള്‍ രംഗത്തെത്തി. ക്ഷണിക്കപ്പെടാത്ത ആളെയാണ് ഒഴിവാക്കണമെന്ന് പറയുന്നതെന്നും ഭീമ ഹര്‍ജിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും വിവിധ ചലച്ചിത്ര സംഘടനകള്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് നല്‍കിയ സംയുക്ത പ്രസ്താവനയില്‍ ഒരിടത്തും ആരുടേയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും സംവിധായകന്‍ ഡോ.ബിജു പറഞ്ഞു. ഞങ്ങള്‍ ഉയര്‍ത്തിയ നിലപാട് കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പോലെ ഒരു സംസ്ഥാനം നല്‍കുന്ന ആദരവിന്റെ ചടങ്ങില്‍ മുഖ്യ മന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ് എന്നതാണ് അത് പാടില്ല എന്നതാണ് ഞങ്ങള്‍ മുന്നോട്ട് വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
‘പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം വായിച്ചു നോക്കൂ അതിലെവിടെയും ഒരു താരത്തിന്റെയും പേര് എടുത്ത് പറഞ്ഞിട്ടില്ല . മുഖ്യ അതിഥി ആയി വരുന്നത് ഏത് താരമായാലും ഇതാണ് നിലപാട്. ഈ പ്രസ്താവന വായിച്ച ശേഷമാണ് അതില്‍ പേര് വെക്കാന്‍ എല്ലാവരും സമ്മതിച്ചിട്ടുള്ളത്’. ബിജു ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.