ഇന്ദ്രന്‍സ് എന്ന വ്യക്തിയുടെ എളിമയും വിനയവും എത്രമാത്രമാണെന്ന് അടുത്തിടെ അദ്ദേഹം സംസ്ഥാന അവാര്‍ഡ് ജേതാവായപ്പോള്‍ എല്ലാവരും അടുത്തറിഞ്ഞതാണ്. അഭിനയത്തിലും പെരുമാറ്റത്തിലും സിനിമയോടുള്ള ആത്മാര്‍ത്ഥതയിലും അയാള്‍ വേറിട്ട് നില്‍ക്കുന്നു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് പോലും സ്വന്തം പേരിലാക്കിയിട്ടും അദ്ദേഹത്തിന് യാതൊരുവിധ മാറ്റവും വന്നിട്ടില്ലെന്നത്, പാഠമാക്കേണ്ടത് തന്നെയാണ്.
‘ആഭാസം’ എന്ന ചിത്രത്തിനു വേണ്ടി ഇന്ദ്രന്‍സ് ബഹുനില കെട്ടിടത്തിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിക്കിടന്നാണ് ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. ‘ഈ മനുഷ്യന് ഇത് എന്തിന്റെ കേടാണ്? ബംഗളൂരുവിലെ നട്ടുച്ച വെയിലത്ത് നാല്‍പ്പതടിയോളമുയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റടിക്കാന്‍? അതും ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനു വേണ്ടി’ ഇങ്ങനെ തുടങ്ങുന്നു ആ ചിത്രീകരണ അനുഭവം വിവരിച്ച് കൊണ്ടുള്ള കലാസംവിധായകന്‍ സുനില്‍ ലാവണ്യയുടെ കുറിപ്പ്.
സുനില്‍ ലാവണ്യയുടെ കുറിപ്പ് വായിക്കാം
ആഭാസ ഡയറി.
ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? ബെംഗളുരുവിലെ നട്ടുച്ച വെയിലത്ത് നാല്‍പ്പതടിയോളമുയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റെടിക്കാന്‍? അതും ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനു വേണ്ടി.
നേരം മയങ്ങി തിരിച്ചു ഹോട്ടലിലെത്തിയപ്പോള്‍ ഞാന്‍ കണ്ടിരുന്നു. മുഖമൊക്കെ വരണ്ട് ,കരുവാളിച്ച് ഒച്ചയൊക്കെ അടഞ്ഞ്. അപ്പോ ചിരിച്ചോണ്ട് പറയുവാ… അണ്ണാ ഇന്ന് നല്ല ഗംഭീര വര്‍ക്കായിരുന്നു. എന്നെ മാസ്റ്ററും നിങ്ങടെ പിള്ളാരുമൊക്കെ കൂടി എയറില്‍ നിര്‍ത്തിയേക്കുവായിരുന്നു…
ഇതാണ് ഇന്ദ്രന്‍സേട്ടന്‍. ഇത് നടനല്ല. നാട്യങ്ങളില്ലാത്ത നല്ലൊന്നാന്തരം പച്ചമനുഷ്യന്‍. കരിയറിലെ മറ്റൊരസാധ്യവേഷവുമായി ഇന്ദ്രന്‍സ്. ആഭാസത്തില്‍ ഇന്ദ്രന്‍സ് അ െമലയാളി പെയിന്റര്‍.’