അടൂർ:നിലവാരമുള്ള ലോക സിനിമകൾ സാധാരണക്കാരനും കാണാൻ അവസരമൊരുക്കണമെന്ന് ചലച്ചിത്ര നടൻ ഇന്ദ്രൻസ്.രണ്ടാമത് അടൂർ അന്താരാഷ്ട്ര ചലചിത്രമേളയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നലകളിൽ കോമഡിതാരം, കുടകമ്പി എന്നൊക്കെ ആക്ഷേപിച്ചിടത്ത് നിന്ന് മികച്ച നടനുള്ള അവാർഡ് കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പേര് പറഞ്ഞുള്ള കുറ്റപെടുത്തലുകളിൽ ഞാൻ ആനന്ദം കണ്ടെത്തിയിരുന്നു. ആഘോഷിക്കപ്പെടേണ്ട സിനിമകൾ നമ്മുടെ മുന്നിൽ എത്തുന്നില്ല. നിലവാരമുള്ള ലോകസിനിമകൾ സാധാരണകാർക്കും കാണാൻ അവസരമൊരുക്കുന്നുവെന്നതാണ് പ്രാദേശിക ചലചിത്രമേളകളുടെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ചിറ്റയംഗോപകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
മികച്ച ശബ്ദ മിശ്രണത്തിനുള്ള ദേശീയ സംസ്ഥാന പുരസ്കാര ജേതാവ് പ്രമോദ് തോമസ്, മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ സജീവ് പാഴൂർ, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ബിജു, അടൂർ മുനിസിപ്പൽ ചെയർപേഴ്സൻ ഷൈനി ജോസ്, സംഘാടകസമിതി ജനറൽ കൺവീനർ സി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. അടൂരിലെ സിനിമാ സംസ്കാരത്തെ മുൻനിർത്തി ഫെസ്റ്റിവൽ ഗാനം രചിച്ച ശ്യാം ഏനാത്തിനെ ചടങ്ങിൽ ആദരിച്ചു. ശിലാ സന്തോഷ് ഇന്ദ്രൻസിന് ഉപകാരം കൈമാറി.
രാവിലെ 9.30ന് തന്നെ സിനിമാ പ്രദർശനം ആരംഭിച്ചു. കിം കി ഡുക് സംവിധാനം ചെയ്ത കൊറിയൻചിത്രം ദി നെറ്റ് ആയിരുന്നു ഉദ്ഘാടന ചിത്രം. മൊഹമ്മദ് ദിയാബ് സംവിധാനംചെയ്ത ഈജിപ്ഷ്യൻ ചിത്രംക്ലാഷ്, വെർണർഹെർസോഗ് സംവിധാനംചെയ്ത ക്വീൻ ഓഫ് ദി ഡെസർട്ട്, റൗൾ പെക് സംവിധാനം ചെയ്ത ദയങ് കാൾ മാർക്സ് തുടങ്ങിയ ചിത്രങ്ങളും പ്രദർശിപ്പിച്ചു.
തിരക്കഥയുടെ ഇടം എന്നവിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ അടൂരിലെയും പരിസരപ്രദേശങ്ങളിലെയും തിരക്കഥാകൃത്തുക്കൾ പങ്കെടുത്തു. പ്രമുഖ തിരക്കഥാകൃത്ത് സജീവ് പാഴൂർ പങ്കെടുത്തു. ഇന്നു രാവിലെ 9ന് സലിംകുമാർ സംവിധാനം ചെയ്ത മലയാള സിനിമ കറുത്തജൂതൻ, 11 ന് ആൻ ഫൊണ്ടെയ്ൻ സംവിധാനം ചെയ്ത ദി ഇന്നസെന്റ്, ജീവ കെ കെ സംവിധാനം ചെയ്ത മലയാളസിനിമ റിച്ചർ സ്കെയിൽ 7.6, ഡോ ബിജു സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലൻസ് എന്നീ സിനിമകൾ പ്രദർശിപ്പിക്കും.
വൈകുന്നേരം അഞ്ചിനു സിനിമയുടെ ഇടം എന്നവിഷയത്തിൽ ഓപ്പൺ ഫോറം നടക്കും. ജീവ കെ കെ, അനശ്വര കൊരട്ടിസ്വരൂപം, അനുപാപ്പച്ചൻ, അപർണ പ്രശാന്തി തുടങ്ങിയവർ പങ്കെടുക്കും.