നടൻ ഇന്ദ്രൻസ് പത്താം ക്ലാസ് തുല്യതാ പഠനത്തിനു തയാറായ കാര്യം വാർത്തകളിൽ ഇടം നേടിയിരുന്നു. പലരും താരത്തിനു പിന്തുണയുമായി എത്തി. എന്നാൽ ഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനു കുരുക്ക് വീണിരിക്കുകയാണ്.
ജീവിത സാഹചര്യം മൂലമാണ് സ്കൂളിൽ തുടർന്നു പഠിക്കുന്നതിനു അദ്ദേഹത്തിനു സാധിക്കാതെ പോയത്. അങ്ങനെയാണ് വർഷങ്ങൾക്ക് ശേഷം പഠനം എന്ന തീരുമാനത്തിലേക്ക് എത്തിയത്.
എന്നാൽ സാക്ഷരതാമിഷന്റെ ചട്ട പ്രകാരം ഏഴാംക്ലാസ് ജയിച്ചെങ്കിൽ മാത്രമേ ഇന്ദ്രൻസിനു പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിക്കുകയുള്ളു എന്ന് സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ.ജി ഒലീന പറഞ്ഞു. മാത്രമല്ല ക്ലാസിൽ ഇരിക്കാതെ പ്രേരകിന്റെ സഹായത്തോടെ ഇന്ദ്രൻസിന് പഠിക്കാനാകുമെന്ന് ഒലീന കൂട്ടിചേർത്തു.
എഴാം ക്ലാസ് ജയിച്ച രേഖ ഇല്ലാത്തതാണ് ഇന്ദ്രൻസിനു പത്താം ക്ലാസ് പഠനത്തിനു തടസമായത്. എന്നാൽ ഉടൻ ഏഴാം ക്ലാസ് ജയിച്ച് 10 ലേക്ക് പ്രവേശിക്കുന്നതിനു ആവശ്യമായ എല്ലാ പഠന സൗകര്യങ്ങളും ചെയ്യും.
ഏഴു മാസത്തോളം നീളുന്നതാണ് പഠനമെങ്കിലും ഇന്ദ്രൻസിന് ഇളവുനൽകും. ഷൂട്ടിങ്ങിനു പോകുമ്പോഴും അദ്ദേഹത്തിന് സാക്ഷരതാ മിഷന്റെ യൂട്യൂബ് ഓൺലൈൻ ചാനലിലൂടെ പഠിക്കാനാകുമെന്നും ഒലീന പറഞ്ഞു.