കൊച്ചി: മധുർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത പുതിയ ചിത്രമായ ഇന്ദു സർക്കാരിന്റെ റീലിസിംഗ് യൂത്ത് കോണ്ഗ്രസ്, കെഎസ് യു പ്രവർത്തകർ തടസപ്പെടുത്തി.അടിയന്തരാവസ്ഥ കാലഘട്ടത്തെക്കുറിച്ച് കഥ പറയുന്ന ചിത്രത്തിൽ ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയെ മോശമായി ചിത്രീകരിച്ചതിനെതിരേയാണ് യൂത്ത് കോണ്ഗ്രസ്, കെഎസ് യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
സെന്റർ സ്ക്വയർമാളിലെ സിനി പോളീസിൽ നടന്ന ആദ്യപ്രദർശനത്തിലേക്കു പ്രകടനമായെത്തി തിയറ്ററിലേക്ക് ഇരച്ചുകയറിയ പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ ചരിത്രത്തെ വളച്ചൊടിക്കുന്ന കേന്ദ്രസർക്കാരിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ഈ ചിത്രമെന്ന് യൂത്ത് കോണ്ഗ്രസ് ആരോപിച്ചു.
പ്രതിഷേധത്തിന് യൂത്ത് കോണ്ഗ്രസ് നേതാക്കളായ ടിബിൻ ദേവസി, പി.വൈ.ഷാജഹാൻ, എ.എ.അജ്മൽ, ഭാഗ്യനാഥ്, ഷാൻ പുതുപ്പറന്പിൽ, സഹൽ മുഹമ്മദ്, ഡിക്കുജോസ്, അമൽ, അക്ഷയ്, ജിബിൻ എന്നിവർ നേതൃത്വം നൽകി.