ന്യൂഡൽഹി: മധുർ ഭണ്ഡാർകരുടെ വിവാദചിത്രം ഇന്ദു സർക്കാർ വെള്ളിയാഴ്ച തിയറ്ററുകളിൽ. ചിത്രത്തിന്റെ പ്രദർശനം സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചതോടെയാണ് സിനിമയുടെ റിലീസിന് കളമൊരുങ്ങിയത്.
ഇന്ദിരാഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും മോശമായി ചിത്രീകരിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ റിലീസിനെതിരേ പരാതി ഉയർന്നത്. അടിയന്തരാവസ്ഥയുടെ ചരിത്രം പുതുതലമുറയ്ക്കുമുന്നിൽ അവതരിപ്പിക്കുന്ന സിനിമയാണ് ഇന്ദു സർക്കാർ എന്നാണ് സംവിധായകൻ പറഞ്ഞത്. എന്നാൽ, സെൻസർ ബോർഡ് നിർദേശിച്ച പ്രകാരം 14 കട്ടുകൾക്കുശേഷമാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.
നീൽ നിതിൻ മുകേഷ്, കൃതി കുൽഹാരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ, കോണ്ഗ്രസ് നേതാക്കളും സിനിമയ്ക്കെതിരേ രംഗത്തുവന്നിരുന്നു.