തിരുവനന്തപുരം: ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെ സുഹൃത്തും കസ്റ്റഡിയിൽ. അഭിജിത്തും അജാസും തമ്മിൽ അടുത്തബന്ധമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അജാസ് ഇന്ദുജയെ മർദ്ദിച്ചെന്ന് അഭിജിത്ത് മൊഴി നൽകി. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തുവരികയാണ്.
ഇരുവരുടെയും ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി അയച്ചു. ഇന്ദുജയെ ഒഴിവാക്കാൻ അഭിജിത്ത് ശ്രമിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. അജാസിന് ഇന്ദുജയുമായി ബന്ധമുണ്ടായിരുന്നത് അഭിജിത്തിന് അറിയാമായിരുന്നു.
ഇന്ദുജയുടെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്തിരുന്നു. കാര്യമായ വിവരങ്ങൾ ഒന്നും ഫോണിൽ ഇല്ലെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്.
മൂന്നുമാസം മുമ്പാണ് ശശിധരൻ കാണി, ഷീജ ദമ്പതികളുടെ മകൾ ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. എന്നാൽ നിയമപരമായി ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. അത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പരിശോധിക്കുമെന്നും വീട്ടുകാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.