‘പതിനഞ്ചാം വയസില്‍ തുടങ്ങിയതാണ് ചന്തു മേനോന്റെ ഇന്ദുലേഖയോടുള്ള എന്റെ പ്രണയം’ ഒ. ചന്തുമേനോന്റെ ഇന്ദുലേഖയായി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്താനുള്ള തയാറെടുപ്പുകള്‍ക്കിടയില്‍ ഡോ.ചൈതന്യ ഉണ്ണി പറഞ്ഞു. ‘ആ പ്രണയം എന്നോടൊപ്പം വളര്‍ന്നു. അതു പിന്നെ ആരാധനയായി. ഒടുവില്‍ ഞാന്‍ സ്വയം ഇന്ദുലേഖയായി. ആരും ആഗ്രഹിച്ചുപോകുന്ന വ്യക്തിത്വമുള്ള സ്ത്രീയാണ് ഇന്ദുലേഖ’. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവലിലെ ലക്ഷണമൊത്ത സ്ത്രീയായി നമുക്കു മുന്നിലേക്ക് എത്തുന്നത് മറ്റാരുമല്ല, ഒയ്യാരത്തു ചന്തുമേനോന്റെ അഞ്ചാം തലമുറക്കാരിയായ ഡോ. ചൈതന്യ ഉണ്ണിയാണ്. ഞായറാഴ്ച വൈകുന്നേരം ഏഴിനു തൈക്കാടു ഗണേശത്തില്‍ സൂര്യാ ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്ദുലേഖ അരങ്ങേറുന്നതോടെ പൂവണിയുന്നതു വര്‍ഷങ്ങളായുള്ള ചൈതന്യയുടെ കാത്തിരിപ്പാണ്.
ഇന്ദുലേഖയായി ചൈതന്യ എത്തുന്പോള്‍ മാധവനായി എത്തുന്നത് ചലച്ചിത്ര താരം വിനീത് കുമാറാണ്. ഇന്ദുലേഖ എന്ന നോവല്‍ അല്ല, മറിച്ച് അത് എഴുതുന്നതിനു മുന്‍പ് കഥാകൃത്ത് കടന്നു പോയിട്ടുള്ള വഴികളും അയാളുടെ ചിന്തകളുമാണ് തന്റെ കലാവിഷ്കാരത്തിലൂടെ ചൈതന്യ അവതരിപ്പിക്കുന്നത്. കാലത്തിനു മുന്‍പേ സഞ്ചരിച്ച നോവല്‍ എന്നാണ് ചൈതന്യ ഇന്ദുലേഖയെ വിശേഷിപ്പിക്കുന്നത്. കാരണവും അവര്‍ തന്നെ പറയുന്നു, ‘ 129 വര്‍ഷം മുന്‍പ് എഴുതിയ നോവല്‍ ഇന്നത്തെ സമൂഹത്തിലും ചര്‍ച്ച ചെയ്യപ്പെടുന്നു. ഇനി അങ്ങോട്ടു ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും. ആ കാലഘട്ടത്തില്‍പോലും ജന്മിത്തവും വിദ്യാഭ്യാസവും സ്ത്രീശാക്തീകരണവും ഒക്കെയാണ് നോവല്‍ ചര്‍ച്ച ചെയ്യുന്നത്. ആദ്യ വായനയില്‍ എന്നെ ആകര്‍ഷിച്ചത് ഇന്ദുലേഖയും മാധവനും തമ്മിലുള്ള പ്രണയമായിരുന്നു. പക്ഷേ അതുമെല്ലെ മാറി. സമൂഹവുമായി ബന്ധപ്പെട്ടതായിരുന്നു തുടര്‍വായനകള്‍’ ഇന്ദുലേഖയെക്കുറിച്ചു പറയുന്ന ഓരോ വാക്കുകളിലും ചൈതന്യയുടെ കണ്ണുകളുടെ തിളക്കം കൂടിക്കൂടിവന്നു.
സ്വയം ഇന്ദുലേഖയാകണം എന്ന ചൈതന്യയുടെ സ്വപ്നത്തിനു താങ്ങായത് സൂര്യകൃഷ്ണമൂര്‍ത്തിയാണ്. ഓസ്ട്രേലിയയില്‍ ഗോള്‍ഡ് കോസ്റ്റില്‍ ത്വക്ക് രോഗ വിദഗ്ധയായ ചൈതന്യ ജോലിത്തിരക്കുകള്‍ക്കിടയിലും ഇന്ദുലേഖയെക്കുറിച്ചു പഠിച്ചുകൊണ്ടേയിരുന്നു. ആയിടയ്ക്കാണ് തന്റെയുള്ളിലെ ആശയം സൂര്യകൃഷ്ണമൂര്ത്തിയുമായി പങ്കുവയ്ക്കുന്നത്. ‘എനിക്കു വ്യക്തമായ ആശയം ഉണ്ടായിരുന്നില്ല. പക്ഷേ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നു കൃത്യമായി പറഞ്ഞു തരാന്‍ ഗുരുസ്ഥാനത്ത് സൂര്യകൃഷ്ണമൂര്ത്തിയുണ്ടായതു വലിയ ധൈര്യമായിരുന്നു. മോഹിനിയാട്ടത്തിലൂടെ ഇന്ദുലേഖയെ അവതരിപ്പിക്കണം എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. പക്ഷേ സാര്‍ ആണ് പറഞ്ഞത് പുതിയതായി എന്തെങ്കിലും ചെയ്യുന്പോള്‍ വ്യത്യസ്തമായി ചെയ്യണമെന്ന്’ ചൈതന്യ പറഞ്ഞു.
‘വല്ലാത്തൊരു പ്രണയമാണു ചന്തുമേനോന്‍ ഭാര്യയോട് ഉണ്ടായിരുന്നത്. അദ്ദേഹം അവര്‍ക്ക് ഇംഗ്ലീഷ് കഥകള്‍ വായിച്ചു തര്‍ജമ ചെയ്തു കൊടുക്കുകയും അവരോട് ഓരോ ദിവസത്തേയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ഒക്കെ ചെയ്തിരുന്നു. അമ്മയില്‍ നിന്നും അമ്മാമ്മയില്‍ നിന്നുമൊക്കെ ഇവരെക്കുറിച്ചുള്ള കഥകള്‍ കേള്‍ക്കാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. അപ്പോഴെല്ലാം എനിക്കു തോന്നിയിട്ടുണ്ട് ഒരുപക്ഷേ ഇവര്‍ തമ്മിലുള്ള പ്രണയമാകാം അദ്ദേഹം ഇന്ദുലേഖയിലൂടെയും മാധവനിലൂടെയും പങ്കുവച്ചതെന്ന്.’ നിറഞ്ഞ ചിരിയോടെയും അതിനപ്പുറം കൗതുകത്തോടെയുമാണു ചന്തുമേനോനെക്കുറിച്ചു കേട്ടറിഞ്ഞ ഓര്‍മകള്‍ ചൈതന്യ പങ്കുവയ്ക്കുന്നത്. മാധവനെ പോലെ സ്ത്രീകളെ ബഹുമാനിക്കുകയും ആത്മാര്‍ഥമായി സ്നേഹിക്കുകയുമൊക്കെ ചെയ്യുന്ന പുരുഷന്മാര് നമുക്കിടയിലുണ്ടാകണം എന്ന പക്ഷക്കാരിയാണ് ചൈതന്യ.
ഇന്നത്തെ സമൂഹത്തില്‍ ഒരുപാട് ഇന്ദുലേഖമാരുണ്ടെന്ന് ചൈതന്യ പറയുന്നു. അതുകൊണ്ടാണ് ഇന്ന് താന്‍ ഉള്‍പ്പെടെയുള്ള സ്ത്രീ സമൂഹം സ്വന്തം കാഴ്ചപ്പാടുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും ഉറക്കെ പറയുന്നതും. സൈസ് സീറോയും കാറ്റ് വാക്കും നിറവും അല്ല സ്ത്രീസൗന്ദര്യത്തിന്റെ അവസാന വാക്ക് എന്നു പെണ്‍കുട്ടികള്‍ തിരിച്ചറിയണം എന്ന ഉദ്ദേശ്യത്തോടെ ചൈതന്യ ആരംഭിച്ച ‘ഞാന്‍ ഇന്ദുലേഖ’ എന്ന സൗന്ദര്യ മത്സരം സംസ്ഥാനത്തെ കോളജുകളില്‍ നടന്നു വരുകയാണ്. ഈ മാസം 21, 22, 23 തീയതികളില്‍ ഗണേഷത്തില് ഇന്ദുലേഖ അവതരിപ്പിക്കും. സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഗീത ദൃശ്യാവിഷ്കാരത്തിന്റെ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത് സമൂദ്രയാണ്.
നൂറടി നീളമുള്ള കൂറ്റന്‍ സ്റ്റേജില്‍ ഒരുങ്ങുന്ന അമ്പലവും ആല്‍ത്തറയും കാറ്റും കോളും മഴയുമെല്ലാം ആസ്വാദകര്‍ക്കു പുത്തന്‍ അനുഭവമായി മാറും. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഈണം നല്‍കിയത് രമേശ് നാരായണ്‍ ആണ്. ഒ. ചന്ദുമേനോന് ഫൗണ്ടേഷന്റെ ഭാഗമായി ഇന്ദുലേഖയെ ദേശീയ, അന്തര്‍ദേശീയ വേദികളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ചൈതന്യ. കോഴിക്കോടു സ്വദേശികളായ പി.ടി.എസ.് ഉണ്ണിയുടേയും ജ്യോതി മേനോന്റെയും മകളാണ് ചൈതന്യ. ഈ തണലില്‍ ഇത്തിരി നേരം, അധ്യായം ഒന്നു മുതല്‍, ഉണ്ണികളേ ഒരു കഥപറയാം തുടങ്ങിയ സിനിമകളില്‍ ബാലതാരമായി എത്തിയ ചൈതന്യക്ക് ഓര്‍മയിലെന്നും എന്ന സിനിമയിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അഞ്ജലി അനില്‍കുമാര്‍