ന്യൂഡൽഹി: വ്യവസായവളർച്ചയിൽ വൻ ഇടിവ്. നവംബറിലെ വ്യവസായ ഉത്പാദന സൂചിക (ഐഐപി) വെറും 0.5 ശതമാനം വളർച്ചയേ കാണിച്ചുള്ളൂ. തലേ നവംബറിൽ 8.5 ശതമാനം വളർച്ച ഉണ്ടായിരുന്നു. 19 മാസത്തിനിടയിലെ ഏറ്റവും താണ വളർച്ചയാണു നവംബറിലേത്.
വാഹനവില്പനയിലുണ്ടായ തളർച്ച മുതൽ പല ഘടകങ്ങൾ ഇതിനു പിന്നിലുണ്ട്. ഖനനം 2.1 ശതമാനവും വൈദ്യുതി ഉത്പാദനം 5.1 ശതമാനവും വളർന്നപ്പോൾ ഫാക്ടറികളിലെ ഉത്പാദനം 0.4 ശതമാനം കുറഞ്ഞു.
മൂലധന (യന്ത്ര) സാമഗ്രികളുടെ ഉത്പാദനം 3.4ഉം ഇന്റർമീഡിയന്റ് ഉത്പന്നങ്ങളുടേത് 4.5 ഉം ശതമാനം കുറഞ്ഞു. ഗൃഹോപകരണങ്ങളുടെ ഉത്പാദനം 0.9 ശതമാനവും സോപ്പ്, പേസ്റ്റ് തുടങ്ങിയ ഉപഭോഗ സാധനങ്ങളുടെ ഉത്പാദനം 0.6 ശതമാനവും കുറഞ്ഞു.
ടെലിവിഷൻ സെറ്റ് നിർമാണം 73.7 ശതമാനം, ട്രക്ക്-ലോറി-ട്രെയിലർ ബോഡി നിർമാണം 48.3 ശതമാനം, ചെന്പ് കന്പിയും വയറും 42.6 ശതമാനം എന്നിങ്ങനെയാണു കുറഞ്ഞത്.സാന്പത്തികവളർച്ച ഏഴു ശതമാനത്തിനു താഴേക്കു നീങ്ങും എന്ന അശുഭപ്രവചനങ്ങളെ ശരിവയ്ക്കുന്നതാണ് ഈ കണക്ക്.
2018-19 ലെ ആദ്യപകുതിയിൽ 7.6 ശതമാനം ജിഡിപി വളർച്ച ഉണ്ടായിരുന്നു. വാർഷികവളർച്ച 7.2 ശതമാനമേ വരൂ എന്നാണു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് തന്നെ കണക്കാക്കിയത്. ഇതിനർഥം രണ്ടാം പകുതിയിൽ വളർച്ച ഏഴു ശതമാനത്തിനു താഴെ പോകാമെന്നാണ്.