ഇത് നമ്പര്‍വണ്‍ കേരളമാണ് ! അട്ടപ്പാടിയില്‍ ഇന്നലെ മരിച്ച ആണ്‍കുഞ്ഞിന് പ്രായം വെറും 40 ദിവസം; കഴിഞ്ഞ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശിശുമരണങ്ങള്‍ 14; അട്ടപ്പാടിയുടെ അവസ്ഥ അതിദയനീയം…

അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരാവുകയാണ്. കഴിഞ്ഞ ദിവസം അട്ടപ്പാടി ഓന്തന്മല ഊരിലെ കുമരന്‍-ചിത്ര ദമ്പതികളുടെ 40 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. അമ്മയുടെ മുലപ്പാല്‍ കുടിച്ച് ഉറങ്ങിയ കുഞ്ഞിന് പിന്നെ ബോധം തെളിഞ്ഞില്ല. അര്‍ധരാത്രിയിയോടെ ആശുപത്രിയിലെത്തിക്കും മുമ്പ് കുഞ്ഞ് മരിച്ചിരുന്നു.

മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറിയതുകൊണ്ടാകാം മരണമെന്നാണ് സംശയം. കുഞ്ഞിന് തൂക്കക്കുറവോ മറ്റ് അസുഖങ്ങളോ ഒന്നുമില്ലെന്നാണ് സൂചന. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമാണ് മരണകാരണത്തെക്കുറിച്ച് പറയാനാകൂ എന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം 14 ശിശുമരണങ്ങളാണ് അട്ടപ്പാട്ടിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കണക്കില്‍ പെടാത്ത മരണങ്ങളും ഇത്ര തന്നെയുണ്ടെന്നാണ് വിവരം. പോഷകാഹാരങ്ങളുടെ അഭാവമാണ് പലപ്പോഴും അട്ടപ്പാടിയില്‍ നവജാത ശിശുക്കളുടെ മരണത്തിന് ഇടയാക്കുന്നത്. അടുത്തെങ്ങും വിദഗ്ധ ചികിത്സയ്ക്കു വേണ്ട ആശുപത്രികളില്ലെന്നതും അട്ടപ്പാടിവാസികളെ ദുരിതത്തിലാഴ്ത്തുകയാണ്.

കോട്ടത്തറയിലെ സര്‍ക്കാര്‍ ആശുപത്രിയാണ് ഇവര്‍ക്ക് ആശ്രയിക്കാവുന്ന അടുത്തുള്ള ആശുപത്രി. എന്നാല്‍ കോടിക്കണക്കിന് രൂപയുടെ സഹായം ഒഴുകിയെത്തിയിട്ടും ഈ ആശുപത്രിയില്‍ കാര്യമായ സൗകര്യങ്ങളില്ലെന്നതാണ് വാസ്തവം. അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് സൗകര്യം പോലുമില്ലെന്നതാണ് വാസ്തവം.

അഗളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് കോട്ടത്തറ ആശുപത്രി. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ബ്ലോക്ക് പഞ്ചായത്താണ്. സഹകരണ വകുപ്പ് അടുത്തിടെ 12 കോടിയോളം രൂപയുടെ ഫണ്ട് അട്ടപ്പാടിക്കായി വകയിരുത്തിയിരുന്നു. എന്നാല്‍ ഇത് ലഭ്യമായതാവട്ടെ പെരിന്തല്‍മണ്ണ ഇഎംസ് ആശുപത്രിയ്ക്കും. അട്ടപ്പാടിയില്‍ നിന്ന് എഴുപതു കിലോമീറ്റര്‍ അകലെയാണ് പെരുന്തല്‍മണ്ണ ആശുപത്രി. ചുരുക്കിപ്പറഞ്ഞാല്‍ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അട്ടപ്പാടിക്കാര്‍ 70 കിലോമീറ്റര്‍ താണ്ടണമെന്നര്‍ഥം.

കോട്ടത്തറ ആശുപത്രിയിലെ ജീവനക്കാര്‍ ആദിവാസികളോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ പല ആദിവാസികളും മറ്റ് ആശുപത്രികള്‍ തേടി പോകുകയാണ്. തമിഴ്‌നാട്ടിലെ ആശുപത്രികളിലേക്കാണ് പലരും പോകുന്നത്. വളരെ അപകടാവസ്ഥയിലാണ് ഇവിടെ പലരെയും എത്തിക്കുന്നതെന്നതിനാല്‍ ആശുപത്രിയ്ക്ക് പലപ്പോഴും ഒന്നും ചെയ്യാനുമാവില്ല. ആരോഗ്യമന്ത്രിയും ഡിഎംഒയുമൊക്കെ നടത്തിയ വാഗ്ദാനങ്ങള്‍ പാഴാകുന്ന കാഴ്ചയാണ് ഇപ്പോള്‍ അട്ടപ്പാടിയില്‍ കാണാനാവുക.

Related posts