കോല്‍ക്കത്ത: ഇന്ത്യ ഇന്നൊരു ഫുട്ബോള്‍ രാഷ്ട്രമാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. ഫിഫ അണ്ടര്‍ 17 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന ഫിഫ യോഗത്തിനായി ഇവിടെയെത്തിയതാണ് ഇന്‍ഫന്റിനോ. 1985ലെ ചൈന ലോകകപ്പിനു ശേഷം കാണികളുടെ ഏറ്റവും വലിയ പങ്കാളിത്തമുണ്ടായ ലോകകപ്പാണിത്. അതുതന്നെ ഇന്ത്യയില്‍ ഫുട്ബോളിന്റെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അണ്ടര്‍ 20 ലോകകപ്പ് നടത്താനുള്ള അവകാശം ഇന്ത്യക്കു നല്‍കാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ രണ്ട് ഫിഫ ഇവന്റുകള്‍ ഒരു രാജ്യത്തിനും സാധാരണ നല്കാറില്ലാത്തതിനാലാണിതെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഇന്ത്യക്ക് നല്കുന്നതില് തനിക്കു സന്തോഷമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അണ്ടര്‍ 20 ലോകകപ്പിന് ഇന്ത്യ ബിഡ് ചെയ്യുന്നുണ്ട് എന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
വളരെ പ്രത്യേകതയുള്ള ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ന് നടക്കുന്നത്. വീഡിയോ അസിസ്റ്റന്റ് റഫറി ടെക്നോളജി (വിഎആര്‍) 2018 റഷ്യ ലോകകപ്പില്‍ നടത്താനുള്ള ഇന്‍ഫന്റിനോയുടെ താത്പര്യം എത്രത്തോളം ഫലം കാണുമെന്ന് ഈ യോഗത്തിനു ശേഷം അറിയാം. അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ ഈ നിയമം നടപ്പാക്കും. ജപ്പാനില്‍ നടന്ന ക്ലബ് ലോകകപ്പില്‍ ഇതു നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും അതു വിജയമായിരുന്നില്ല. ഇന്‍ഫന്റിനോയ്ക്ക് വിഎആര്‍ നടപ്പിലാക്കാന്‍ അനാവശ്യ ധൃതിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണിതാവായാണ് ഇന്‍ഫന്റിനോ എത്തുന്നത്.