ഒരുവൻ കളളനാകുന്നത് അവന്റെ സാഹചര്യം മൂലമാണ്. താൻ ചെയ്ത പ്രവൃത്തിയിൽ പശ്ചാത്താപം തോന്നി തുടങ്ങുന്നതു മുതൽ ആ കള്ളനും മാറ്റങ്ങൾ ഉണ്ടാവുന്നു എന്നു കരുതാം. മോഷണ മുതൽ തിരികെ ഏൽപിച്ച് ഖേദം പ്രകടിപ്പിച്ച കള്ളന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
ഓൾഡ് ടൗൺ സ്ക്വയറിൽ നിന്നും ഉണ്ണിയേശുവിന്റെ പ്രതിമയാണ് ഈ കള്ളൻ മോഷ്ടിച്ചു കൊണ്ടുപോയത്. എന്നാൽ, അധികം വൈകാതെ അയാൾ അത് അടുത്തുള്ള ഒരു ഫയർ സ്റ്റേഷനിൽ വയ്ക്കുകയും ചെയ്തു. തനിക്ക് ഒരു തെറ്റു പറ്റിപ്പോയി, ഇനി അത് ആവർത്തിക്കില്ല എന്നെഴുതിയ കുറിപ്പു കൂടി മോഷണ മുതലിനൊപ്പം കള്ളൻ വച്ചിട്ടുണ്ടായിരുന്നു.
ഫോർട്ട് കോളിൻസ് പോലീസ് ഡിപ്പാർട്ട്മെന്റാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഓൾഡ് ടൗൺ സ്ക്വയറിൽ നിന്ന് ഇയാൾ ഉണ്ണിയേശുവിന്റെ പ്രതിമ മോഷ്ടിച്ചു കടന്നു കളഞ്ഞു.പ്രതിയെ നിങ്ങൾ തിരിച്ചറിയുകയാണെങ്കിൽ, ദയവായി ഓഫീസർ ബ്രിട്ടിംഗ്ഹാമിനെ അറിയിക്കുക എന്ന കുറിപ്പോടെ ഒരു യുവാവ് ഉണ്ണി യേശുവിന്റെ പ്രതിമയുമായി പോകുന്നതിന്റെ സിസിടിവിയിൽ ദൃശ്യം പങ്കുവച്ചു.
പോലീസ് ഡിപാർട്മെന്റ് ഷെയർ ചെയ്തിരിക്കുന്ന ചിത്രത്തിൽ ഒരു യുവാവ് ഉണ്ണി യേശുവിന്റെ പ്രതിമയുമായി പോകുന്നത് കാണാം. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നുള്ളതാണ് ഈ ചിത്രം. പോസ്റ്റ് വൈറലായതോടെയാണ് കള്ളൻ മോഷണ മുതൽ തിരികെ ഏൽപിച്ചത്.
ഉണ്ണിയേശുവിനെ തിരികെ ലഭിച്ചു എന്ന് കാണിച്ച് ഇതുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റു കൂടി പോലീസ് ഡിപ്പാർട്മെന്റ് ഷെയർ ചെയ്തു. ഫോർട്ട് കോളിൻസിലെ പൗഡർ ഫയർ അഥോറിറ്റി സ്റ്റേഷനിൽ വച്ച് ഉണ്ണിയേശുവിനെ തിരികെ കിട്ടി എന്ന് കുറിപ്പോടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉണ്ണിയേശുവിന്റെ പ്രതിമയുമായി നിൽക്കുന്ന ചിത്രവും പോലീസ് പങ്കുവച്ചു.