ഉദുമ: കുട്ടികളില്ലാത്തതിനാല്‍ ദീര്‍ഘകാലമായി വിഷമത്തിലായിരുന്ന ദമ്പതികളുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ വെളിച്ചം പകരുന്നതായിരുന്നു ഭര്‍ത്താവ് ഭാര്യയ്ക്ക് സമ്മാനിച്ച ആ സമ്മാനം. ആറു മാസം പ്രായമായ പെണ്കുഞ്ഞിനെയായിരുന്നു ഭര്‍ത്താവ് ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയത്.
അതോടെ വീട്ടില്‍ സന്തോഷം അലതല്ലി. എന്നാല്‍ ഈ ആഹ്ലാദത്തിന് ഒരു ദിവസം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. പിറ്റേ ദിവസം വീട്ടുമുറ്റത്ത് പോലീസെത്തിയതോടെയാണ് എല്ലാം കലങ്ങിമറഞ്ഞത്. കുഞ്ഞിനെ എവിടെനിന്നും ലഭിച്ചു എന്ന് ബോധ്യപ്പെടുത്താനാകാതെ വന്നതോടെ കുഞ്ഞിനെ പോലീസ് ശിശുക്ഷേമ സമിതിക്ക് മുമ്പില്‍ ഹാജരാക്കി. സമിതി കുഞ്ഞിനെ ഏറ്റെടുക്കുകയും പട്ടുവം സ്നേഹനികേതനിലേക്ക് മാറ്റുകയും ചെയ്തു.
ഉദുമ എരോലിലാണ് സംഭവം. എരോലി സ്വദേശിയായ യുവതിയും അടൂര്‍ സ്വദേശിയായ യുവാവും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. എന്നാല്‍ ഇതുവരെ കുട്ടികള്‍ ഉണ്ടായിട്ടില്ല. ഇതിനിടെ ചില പ്രശ്നങ്ങള്‍ കാരണം യുവതി രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഒടുവില്‍ മധ്യസ്ഥന്റെ ഇടപെടലോടെ രണ്ടാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. ഭാര്യവീട്ടില്‍ യുവാവ് ഒരാഴ്ച താമസിക്കുകയും ചെയ്തു. രണ്ടുദിവസം മുമ്പ് തിരിച്ചുപോയ ഭര്‍ത്താവ് മടങ്ങിയെത്തിയത് യുവതിക്കുള്ള സമ്മാനവുമായാണ്. ആറ് മാസം പ്രായമുള്ള കുഞ്ഞായിരുന്നു സമ്മാനം. താന്‍ ദത്തെടുത്തതാണെന്ന് ഇയാള്‍ യുവതിയെ വിശ്വസിപ്പിക്കുകയും ചെയ്തു.
ഭര്‍ത്താവ് വീട്ടിലേക്ക് തിരികെ പോവുകയും ചെയ്തു. ദത്ത് കുട്ടിയാണെന്ന് വിശ്വസിക്കാതിരുന്ന ചിലര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സംഘം വീട്ടിലെത്തുകയും പിന്നീട് യുവാവിനെ മൊബൈലില്‍ ബന്ധപ്പെടുകയും ചെയ്തു. താന്‍ ബംഗളൂരുവിലേക്കുള്ള യാത്രയിലാണെന്നും തിരികെ എത്തിയാല്‍ രേഖ ഹാജരാക്കാമെന്നും യുവാവ് അറിയിച്ചു. എന്നാല്‍ രേഖകള്‍ ലഭിക്കാതിരുന്നതിനാല്‍ പോലീസ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കി. ശിശുക്ഷേമ വകുപ്പ് കുഞ്ഞിനെ സ്നേഹനികേതന്‍ കേന്ദ്രത്തിലാക്കി. യുവാവിനോട് രേഖകളുമായി ഹാജരാകാനാണ് പോലീസ് നിര്‍ദേശം. കുട്ടിയെ ലഭിച്ച വഴി ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ യുവാവിനെതിരേ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.