വിവാഹ പ്രായം ആയാൽ നമ്മുടെ നാട്ടിലൊക്കെ കല്യാണ ബ്രോക്കർമാരുടെ ഓട്ടപ്പാച്ചിലുകളായിരിക്കും. പലരും ആദ്യം ചോദിക്കുന്നത് വയസ് തന്നെയാണ് .പെൺകുട്ടികളെക്കാൾ കുറഞ്ഞത് രണ്ട് വയസെങ്കിലും മുതിർന്ന ആൺകുട്ടികളെയാകും ആലോചിക്കുകപോലും.
ചില സന്ദർഭങ്ങളിൽ സമപ്രായക്കാരെ കെട്ടുന്നവരുമുണ്ട്. പണ്ടൊക്കെ തങ്ങളെക്കാൾ പത്തും പതിനഞ്ചും വയസ് മുതിർന്ന ആൺകുട്ടികളെയായിരുന്നു പെൺകുട്ടികൾ കല്യാണം കഴിച്ചിരുന്നത്. കാലം മാറിയപ്പോൾ പ്രായമൊക്കെ വെറും അക്കങ്ങളിലേക്ക് ചുരുങ്ങി. പ്രായത്തിൽ ഇളയ ആൺകുട്ടികളെ വിവാഹം കഴിക്കുന്നത് ട്രെന്റ് പോലും ആയിമാറി.
ഇപ്പോഴിതാ പ്രായത്തിൽ ഏറെ മുതിർന്നവരെ ജീവിത പങ്കാളിയാക്കിയാൽ ഗുണങ്ങൾ അനവധിയെന്ന് പറഞ്ഞിരിക്കുകയാണ് 29 -കാരിയായ ഓസ്ട്രേലിയൻ മോഡൽ നോവ ഹത്തോൺ. അഞ്ച് വർഷമായി നോവയും പങ്കാളി ജയിംസും ഒന്നിച്ചാണ് താമസം.
നേഹയെക്കാൾ 34 വയസിനു മൂത്തതാണ് ജയിംസ്. സമൂഹ മാധ്യമത്തിലൂടെയാണ് 63 കാരനായ ജയിംസിനെ നോവ പരിചയപ്പെട്ടത്. ഏത് കാര്യത്തെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാനും തന്റെ അഭിപ്രായം പങ്കുവയ്ക്കാനുള്ള ഇടം തങ്ങളുടെ ബന്ധത്തിലുണ്ടെന്നും ഓരോ തവണ സംസാരിക്കുന്തോറും തങ്ങളുടെ ബന്ധം കൂടുതൽ ദൃഢമായി തീരുന്നതായും നോവ പറയുന്നു.
തന്റെ അതേ പ്രായത്തിലുള്ള വ്യക്തിയോ പ്രായത്തിൽ താഴെയുള്ള വ്യക്തിയോ ആയിരുന്നു ജീവിത പങ്കാളി ആയതെങ്കിൽ ഒരിക്കലും തന്റെ ജീവിതം ഇത്രയേറെ മനോഹരമാവുകയില്ല എന്നായിരുന്നു എന്നും നോവ കൂട്ടിച്ചേർത്തു.