ബംഗളൂരു: രണ്ടു വർഷത്തിനുള്ളിൽ 10,000 അമേരിക്കൻ ടെക്കികളെ നിയമിക്കുമെന്ന് ഐടി ഭീമൻ ഇൻഫോസിസ്. അമേരിക്കിയിൽ ഇതു കൂടാതെ നാലു ടെക്നോളജി ആൻഡ് ഇന്നൊവേഷൻ സെന്ററുകളും സ്ഥാപിക്കുമെന്ന് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ടെക്നോളജി ആൻഡ് ഇന്നൊവേഷൻ മേഖലയിൽ മാത്രമല്ല, പ്രധാന ഇടപാടുകാർക്കുള്ള സേവനങ്ങളും ഇവിടെനിന്നുണ്ടാകും.
ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യാനയിലായിരിക്കും ഇൻഫോസിസിന്റെ ആദ്യ ഹബ്ബ് പ്രവർത്തനമാരംഭിക്കുക. 2021 ആകുന്പോഴക്ക് ഇവിടെ 2000 അമേരിക്കൻ പൗരർക്കു തൊഴിൽ നല്കും. ഇത് പ്രാദേശിക വരുമാനം ഉയർത്താനിടയാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷയെന്ന് ഇൻഫോസിസ് സിഇഒ വിശാൽ സിക്ക പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വീസ നയങ്ങളാണ് ഇൻഫോസിസിന്റെ പുതിയ പദ്ധതികൾ ആരംഭിക്കാൻ പ്രേരിപ്പിച്ചത്.
പഠിച്ചിറങ്ങിയ പുതിയ എൻജിനിയർമാരെ കോളജുകളിൽനിന്നു തെരഞ്ഞെടുത്ത് പ്രത്യേക ട്രെയിനിംഗ് നല്കി അമേരിക്കയിലും യുകെയിലും നിയമിക്കാനാണ് ഇൻഫോസിസിന്റെ തീരുമാനം. പടിപടിയായി അമേരിക്കൻ യൂണിവേഴ്സിറ്റികളിൽനിന്നും എൻജിനിയർമാരെ തെരഞ്ഞെടുക്കും. ഇൻഫോസിസിന്റെ തീരുമാനത്തെ ഇന്ത്യാന ഗവർണർ എറിക് ജെ. ഹോൾകോന്പ് സ്വാഗതം ചെയ്തു.