ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സോഫ്റ്റ്വേർ കമ്പനിയായ ഇൻഫോസിസിന്റെ പ്രധാന പ്രവർത്തനങ്ങളെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. അമേരിക്കയിലെ കലിഫോർണിയൻ സിറ്റിയായ പാലോ ആൾട്ടോയിലായിരുന്നു ഇൻഫോസിസിന്റെ പ്രധാന പ്രവർത്തനങ്ങളെല്ലാം നടന്നിരുന്നത്. വിശാൽ സിക്ക സിഇഒ ആയിരുന്ന സമയത്ത് സിലിക്കൺവാലിയിലുള്ള ഈ ഓഫീസായിരുന്നു കേന്ദ്ര ഓഫീസ്. സിഇഒയുടെ സാന്നിധ്യമുള്ള ഓഫീസായതിനാലാണ് സിലിക്കൺവാലിയിലേക്ക് കേന്ദ്ര പ്രവർത്തനങ്ങൾ മാറ്റിയത്.
വിശാൽ സിക്ക സ്ഥാനമൊഴിഞ്ഞപ്പോൾ നന്ദൻ നിലേകനി ചെയർമാൻ സ്ഥാനത്തേക്കെത്തി. അദ്ദേഹം ബംഗളൂരുവിൽത്തന്നെയായതിനാലാണ് കേന്ദ്ര ഓഫീസ് ഇവിടെത്തന്നെയാക്കാൻ തീരുമാനിച്ചത്.
സിലിക്കൺവാലിയിൽ ഏറ്റവുമധികം പ്രവർത്തനങ്ങൾ നടക്കുന്ന ഓഫീസുകളിലൊന്നാണ് ഇൻഫോസിസിന്റേത്. മെഷീൻ ലേണിംഗ്, കൃത്രിമബുദ്ധി, ഡീപ് ലേണിംഗ്, വെർച്വൽ റിയാലിറ്റി, ഓട്ടോമേറ്റഡ് റിയാലിറ്റി, സെൽഫ് ഡ്രൈവിംഗ് കാറുകൾ എന്നിവയെല്ലാം ഇവിടെയുണ്ടെന്ന് ചെയർമാൻ നന്ദൻ നിലേകനി പറഞ്ഞു.