ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
പ്രധാന കാരണങ്ങൾ
പുക, വാതകങ്ങള്‍, പൊടിപടലങ്ങള്‍ തുടങ്ങിയവയോടുള്ള സമ്പര്‍ക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്ക്കുന്നു.
മാരകരോഗങ്ങളിൽ രണ്ടാമത്
ലോകത്ത് മരണങ്ങള്‍ക്കുള്ള ആദ്യ മൂന്നു കാരണങ്ങളില്‍ ഒന്നാണ് സി.ഒ.പി.ഡി. ഗ്ലോബല്‍ ബര്‍ഡെന്‍ ഓഫ് ഡിസീസസ് എസ്റ്റിമേറ്റസ് (GBD) പ്രകാരം ഇന്ത്യയില്‍ മാരക രോഗങ്ങളില്‍ സി.ഒ.പി.ഡി. രണ്ടാം സ്ഥാനത്ത് നില്ക്കുന്നു.
ആരോഗ്യമുള്ള ശ്വാസകോശം
ഈ കോവിഡ് കാലത്തും സിഓപിഡി രോഗികളുടെ എണ്ണത്തിൽ കുറവൊന്നും സംഭവിച്ചില്ല. ശ്വാസകോശം ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വർധിച്ചുവരുന്ന കാലഘട്ടം കൂടിയാണ്. ശ്വാസകോശാ രോഗ്യം സംരക്ഷി ക്കുന്നതിന് സിഒപിഡി രോഗികളും അവരെ പരിചരിക്കു ന്നവരും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
ഊര്‍ജസ്വലരായിരിക്കുക
സിഓപിഡി കണ്ടെത്തിയാൽ പലരും ഉദാസീനരായിപ്പോകാറുണ്ട്. സിഓപിഡി കണ്ടെത്തിയാലും ഊർജസ്വലരായിരിക്കേണ്ടത് ജീവിതഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ആശുപത്രി വാസവും മരണസാധ്യതയും കുറയ്ക്കുന്നതിനും സഹായകരമാണ്.
കൃത്യമായി മരുന്ന് കഴിക്കുക
മരുന്നു കൃത്യസമയത്തു കഴിക്കേണ്ടത് സിഓപിഡി പരിചരണത്തിൽ അത്യന്താപേക്ഷിതമാണ്. കൃത്യമായ അളവിൽ മരുന്നുകഴിക്കേണ്ടതിനെക്കുറിച്ച് ഓരോ രോഗിയും മനസിലാക്കണം.
ഇൻഹേലർ ഉപയോഗം
ഇൻഹേലർ ഉപയോഗം വളരെ പ്രാധാന്യമുള്ളതാണ്. അതു ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നത് എന്നുള്ളത് കൃത്യമായ ഇടവേളകളിൽ വിലയിരുത്തപ്പെടേണ്ടതുമാണ്.
ആരോഗ്യകരവും പോഷകസന്പന്നവുമായ ഭക്ഷണശീലം
നിർദേശിക്കപ്പെട്ടിട്ടുള്ള അളവിൽ ബോഡി മാസ് ഇൻഡക്സ് നിലനിർത്തേണ്ടതു പ്രധാനം. പോഷകക്കുറവുള്ള രോഗികൾക്ക് പോഷകസമൃദ്ധമായ ആഹാരം നലകുന്നത് ശ്വാസകോശപേശികൾ ദൃഢമായി സൂക്ഷിക്കുന്നതിനും ജീവിതഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കാണുക
സിഓപിഡി ഉള്ളവർ കൃത്യമായി ഡോക്ടറെ സന്ദർശിക്കേണ്ടതാണ്. ലക്ഷണങ്ങൾ വിലയിരുത്തി ചികിത്സ നിർണയിക്കുന്നതിനും കൂടുതൽ ഇടപെടലുകൾ ആവശ്യമാണെങ്കിൽ അതു തീരുമാനിക്കുന്നതിനുമായി കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം
& നാഷണൽ ഹെൽത്ത് മിഷൻ