വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ഏകദിന പരന്പരയിൽ അവസാന മത്സരത്തിൽ ഇന്ത്യക്കു ജയം. മധ്യനിര ബാറ്റ്സ്മാന്മാരുടെയും ബൗളർമാരുടെയും മികവിൽ 35 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ പരന്പര ഇന്ത്യ 4-1നു സ്വന്തമാക്കി. 113 പന്തിൽ 90 റണ്‍സ് എടുത്ത അന്പാട്ടി റായുഡുവാണ് മാൻ ഓഫ് ദ മാച്ച്.
റായുഡു, ശങ്കർ, ജാദവ്…
നാല് വിക്കറ്റ് നഷ്ടത്തിൽ 18 റണ്‍സ് എന്ന നിലയിൽ ഗതികെട്ടുനിന്ന ഇന്ത്യയെ അന്പാട്ടി റായുഡു, വിജയ് ശങ്കർ (64 പന്തിൽ 45 റണ്‍സ്), കേദാർ ജാദവ് (45 പന്തിൽ 34 റണ്‍സ്), ഹാർദിക് പാണ്ഡ്യ (22 പന്തിൽ 45 റണ്‍സ്) എന്നിവരാണ് കരയ്ക്കടുപ്പിച്ചത്. പവർപ്ലേയിൽ ആദ്യ നാല് വിക്കറ്റ് 2015 ലോകകപ്പിനുശേഷം ഇതാദ്യമായാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ക്യാപ്റ്റൻ രോഹിത് ശർമ (രണ്ട്), ധവാൻ (ആറ്), ശുഭ്മാൻ ഗിൽ (ഏഴ്), ധോണി (ഒന്ന്) എന്നിവരാണ് 9.3 ഓവറിൽ തലകുനിച്ചു മടങ്ങിയത്.
തുടർന്ന് റായുഡു – ശങ്കർ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ടു നയിച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും 98 റണ്‍സ് നേടി. ആശയക്കുഴപ്പത്തെത്തുടർന്ന് ശങ്കർ റണ്ണൗട്ടായതോടെ ഇന്ത്യ അഞ്ചിന് 116. തുടർന്ന് ജാദവിനൊപ്പം റായുഡു സ്കോർ മുന്നോട്ടു കൊണ്ടുപോയി. ഇന്ത്യൻ സ്കോർ 190ൽ നിൽക്കേ റായുഡു സെഞ്ചുറിക്ക് 10 റണ്‍സ് അകലെ പുറത്ത്. 74 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടും അതോടെ അവസാനിച്ചു.
പാണ്ഡ്യമേളം!
കേദാർ ജാദവ് പുറത്താകുന്പോൾ 45.2 ഓവറിൽ ഇന്ത്യൻ സ്കോർ 203. തുടർന്നാണ് പാണ്ഡ്യയുടെ സംഹാരതാണ്ഡവം അരങ്ങേറിയത്. 47-ാം ഓവർ എറിഞ്ഞ ആസ്റ്റിലിനെ തുടർച്ചയായി മൂന്ന് സിക്സർ പറത്തിയ ഹാർദിക് സ്കോറിംഗ് അതിവേഗത്തിലാക്കി. 48-ാം ഓവർ എറിയാനെത്തിയ ബോൾട്ടിനെയും മിഡ് വിക്കറ്റിലൂടെ നിലംതൊടാതെ പാണ്ഡ്യ ഗാലറിയിലെത്തിച്ചു. നീഷാം എറിഞ്ഞ തൊട്ടടുത്ത ഓവറിലെ ആദ്യ പന്ത് ഡീപ് കവറിലൂടെ ബൗണ്ടറി.
ഫുൾടോസ് ആയിരുന്ന രണ്ടാം പന്ത് ഡീപ് സ്ക്വയർ ലെഗിലൂടെ ഫ്ളിക് ചെയ്ത് സിക്സർ. ഓവറിന്റെ അഞ്ചാം പന്തിൽ വീണ്ടും ബൗണ്ടറി. ഫുൾ ഒൗട്ട്സൈഡ് ഓഫ് ആയിരുന്ന പന്ത് അതിമനോഹരമായി ഷോർട്ട് തേർഡ്മാനിലൂടെ പാണ്ഡ്യ ബൗണ്ടറി കടത്തി. എന്നാൽ, അടുത്ത പന്തിൽ ഷോർട്ട് ഫൈൻ ലെഗിൽ ബോൾട്ടിന്റെ ഉജ്വല ക്യാച്ചിൽ പാണ്ഡ്യ പുറത്ത്. ഫുൾടോസ് ആയ പന്ത് ഫ്ളിക് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടായിരുന്നു പാണ്ഡ്യയുടെ മടക്കം. 49 ഓവറിൽ ഇന്ത്യൻ സ്കോർ അപ്പോൾ 248ൽ എത്തി.
ചാഹൽ, ഷാമി, പാണ്ഡ്യ
253 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ന്യൂസിലൻഡിന്റെ ആദ്യവിക്കറ്റ് സ്കോർ 18ൽ നിൽക്കുന്പോൾ വീണു. എട്ട് റണ്‍സ് നേടിയ നിക്കോളാസിനെ ഷാമി ജാദവിന്റെ കൈകളിലെത്തിച്ചു. കെയ്ൻ വില്യംസണ് (39 റണ്‍സ്), നീഷാം (44 റണ്‍സ്), ലാഥം (37 റണ്‍സ്) എന്നിവർ പൊരുതിനോക്കിയെങ്കിലും ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ ഒന്നും ഫലംകണ്ടില്ല. ചാഹൽ മൂന്നും ഹാർദിക് പാണ്ഡ്യ, ഷാമി എന്നിവർ രണ്ടു വീതവും വിക്കറ്റ് സ്വന്തമാക്കി. ഷാമിയാണ് പരന്പരയുടെ താരം.
ധോണിയുടെ ഇടപെടൽ, നീഷാം റണ്ണൗട്ട്…
എം.എസ്. ധോണി മൈതാനത്തെത്തിയാൽ തന്റെ കൈയൊപ്പ് പതിപ്പിച്ചേ കളംവിടാറുള്ളൂ. ന്യൂസിലൻഡിനെതിരായ അവസാന ഏകദിനത്തിലും ധോണിയുടെ ബുദ്ധിപരമായ പ്രകടനം കണ്ടു. ന്യൂസിലൻഡ് ഇന്നിംഗ്സിന്റെ 37-ാം ഓവറിലായിരുന്നു സംഭവം.
കേദാർ ജാദവ് എറിഞ്ഞ പന്ത് നീഷാമിന്റെ പാഡിൽ കൊള്ളുകയും ഇന്ത്യൻ താരങ്ങൾ എൽബിഡബ്ല്യുവിനായി അപ്പീൽ ചെയ്യുകയും ചെയ്തു. നീഷാമാകട്ടെ അന്പയറുടെ തീരുമാനമറിയാൻ അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നപ്പോൾ താൻ ക്രീസിനു വെളിയിലാണ് നിൽക്കുന്നതെന്ന കാര്യം മറന്നു. ആ ഒരു നിമിഷം മതിയായിരുന്നു ധോണിക്ക് കിവി താരത്തെ ഡയറക്ട് ത്രോയിലൂടെ പുറത്താക്കാൻ.
വേണ്ടെന്നുവച്ച റണ്ണും റണ്ണൗട്ടും!
വെല്ലിംഗ്ടണ്‍ ഏകദിനത്തിൽ ഇന്ത്യക്കുവേണ്ടി തകർപ്പൻ പ്രകടനമാണ് വിജയ് ശങ്കർ (45 റൺസ്) പുറത്തെടുത്തത്. സഹതാരം അന്പാട്ടി റായുഡുവുമായുണ്ടായ ആശയക്കുഴപ്പമായിരുന്നു പുറത്താകലിനു കാരണം. ഇന്ത്യൻ ഇന്നിംഗ്സിലെ 37-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ അഞ്ചാം പന്ത് മിഡ് ഓണിലേക്ക് തട്ടിയ ശങ്കർ റണ്ണിനായി ഓടി. ആദ്യം മടിച്ചുനിന്ന റായുഡു പിന്നീട് റണ്ണിനായി ഓടി. പക്ഷേ, പിച്ചിന്റെ മധ്യഭാഗമെത്തി റായുഡു ഓടില്ലെന്നോർത്തു നിന്ന വിജയ് ശങ്കറിനാകട്ടെ, സഹതാരം പെട്ടെന്ന് റണ്ണിനായി ഓടാൻ പറഞ്ഞപ്പോൾ അതിന് സാധിച്ചില്ല. അതോടെ പുറത്തേക്കുള്ള വഴി തെളിഞ്ഞു.
ബാറ്റ് കൈവിട്ട് ഹാർദിക്കിന്റെ ഓട്ടം!
ന്യൂസിലൻഡിനെതിരേ ഇന്ത്യയുടെ ജയത്തിനു വഴിവച്ചത് ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു. ഇന്ത്യൻ സ്കോർ 250 കടത്തിയത്. 22 പന്തിൽ 45 റണ്‍സ് നേടിയ ഹാർദിക്കിന്റെ വിക്കറ്റിനിടയിലെ ഓട്ടമാണ് വെല്ലിംഗ്ടണിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സംഭവം. രണ്ട് റണ്‍സിനായി ഓടുന്നതിനിടെ ക്രീസിലേക്ക് ബാറ്റ് കൈവിട്ട് രണ്ടാം റണ്ണിനായി ഓടിയ ഹാർദിക്കിന്റെ ഒരു റണ്‍സ് അന്പയർ വെട്ടിക്കുറച്ചു. ഇന്ത്യൻ ഇന്നിംഗ്സിന്റെ 49-ാം ഓവറിലായിരുന്നു സംഭവം. ഇന്ത്യൻ താരത്തിന്റെ ഈ പ്രകടനം അന്പയറുടെ ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ, ന്യൂസിലൻഡ് ബൗളർ ട്രെന്റ് ബോൾട്ട് അക്കാര്യം അന്പയറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
സ്കോർബോർഡ്
ടോസ്: ഇന്ത്യ
ഇന്ത്യ ബാറ്റിംഗ്: രോഹിത് ബി ഹെൻറി 2, ധവാൻ സി ഹെൻറി ബി ബോൾട്ട് 6, ഗിൽ സി സാന്റ്നർ ബി ഹെൻറി 7, റായുഡു സി മണ്‍റോ ബി ഹെൻറി 90, ധോണി ബി ബോൾട്ട് 1, ശങ്കർ റണ്ണൗട്ട് 45, ജാദവ് ബി ഹെൻറി 34, പാണ്ഡ്യ സി ബോൾട്ട് ബി നീഷാം 45, ഭുനേശ്വർ സി ടെയ്ലർ ബി ബോൾട്ട് 6, ഷാമി റണ്ണൗട്ട് 1, ചാഹൽ നോട്ടൗട്ട് 0, എക്സ്ട്രാസ് 15, ആകെ 49.5 ഓവറിൽ 252.
ബൗളിംഗ്: ഹെൻറി 10-1-35-4, ബോൾട്ട് 9.5-2-39-3, നീഷാം 5-0-33-1, ഗ്രാൻഡ്ഹോം 7-0-33-0, മണ്‍റോ 10-0-47-0, സാന്റ്നർ 3-0-18-0, ആസ്റ്റിൽ 5-0-35-0.
ന്യൂസിലൻഡ് ബാറ്റിംഗ്: മണ്‍റോ ബിഷാമി 24, നിക്കോളാസ് സി ജാദവ് ബി ഷാമി 8, വില്യംസണ് സി ധവാൻ ബി ജാദവ് 39, ടെയ്ലർ എൽബിഡബ്ല്യു ബി ഹാർദിക് 1, ലാഥം എൽബിഡബ്ല്യു ബി ചാഹൽ 37, നീഷാം റണ്ണൗട്ട് 37, ഗ്രാൻഡ്ഹോം എൽബിഡബ്ല്യു ബി ചാഹൽ 11, സാന്റ്നർ സി ഷാമി ബി പാണ്ഡ്യ 22, ആസ്റ്റിൽ എൽബിഡബ്ല്യു ബി ചാഹൽ 10, ഹെൻറി നോട്ടൗട്ട് 17, ബോൾട്ട് സി ഷാമി ബി ഭുവനേശ്വർ 1, എക്സ്ട്രാസ് 3, ആകെ 44.1 ഓവറിൽ 217. ബൗളിംഗ്: ഭുവനേശ്വർ 7.1-0-38-1, ഷാമി 8-0-35-2, ഹാർദിക് 8-1-50-2, ശങ്കർ 4-0-19-0, ചാഹൽ 10-0-41-3, ജാദവ് 7-0-34-1.