ടോക്കിയോ: സ്പാനിഷ് ഫുട്ബോൾ താരം ആന്ദ്രേ ഇനിയേസ്റ്റ ഇനി ആള് ജപ്പാനല്ല. ജപ്പാൻ ക്ലബ് ഫുട്ബോളിനോട് ഇനിയേസ്റ്റ കണ്ണീരോടെ സലാം പറഞ്ഞു. ഈ സീസണിൽ ആദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ കളിച്ചശേഷമാണ് ഇനിയേസ്റ്റ ജപ്പാനിൽനിന്നു മടങ്ങുന്നത്.
2018ൽ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയിൽനിന്ന് പുറത്തിറങ്ങിയശേഷം ജപ്പാൻ ക്ലബ്ബായ വിസെൽ കോബെയുടെ കളിക്കാരനായിരുന്നു ഇനിയേസ്റ്റ. 39 വയസുള്ള താരത്തിന് ഈ സീസണിൽ മത്സര സമയം വളരെ കുറച്ചു മാത്രമേ ലഭിച്ചുള്ളൂ.
സീസണിൽ ഇതുവരെ 18 മത്സരം കളിച്ചതിൽ 94 മിനിറ്റ് മാത്രമാണ് ഇനിയേസ്റ്റ മൈതാനത്തെത്തിയത്. വിസെൽ കോബെയ്ക്കുവേണ്ടി 134 മത്സരങ്ങൾ കളിച്ച ഇനിയെസ്റ്റ 26 ഗോൾ സ്വന്തമാക്കി. വന്പിച്ച യാത്രയയപ്പാണു കെബെ ആരാധകർ ഇനിയേസ്റ്റയ്ക്കു നൽകിയത്.
18 വർഷം നീണ്ട ബാഴ്സലോണ ജീവിതത്തിനുശേഷമാണ് ഇനിയേസ്റ്റ ജപ്പാനിലെത്തിയത്. ഫിഫ 2010 ലോകകപ്പ്, യുവേഫ 2008, 2012 യൂറോകപ്പ് നേട്ടങ്ങളിൽ സ്പെയിനിന്റെ നിർണായക സാന്നിധ്യമായിരുന്നു. ഫിഫ ലോകകപ്പ് ഫൈനലിൽ സെസ് ഫാബ്രിഗസിന്റെ അസിസ്റ്റിൽ ഇനിയേസ്റ്റയുടെ ഗോളിലായിരുന്നു സ്പെയിൻ ചാന്പ്യന്മാരായത്.