കൊച്ചി: ഫുട്ബോളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുന്നതിന് സ്പാനിഷ് മുന്‍ താരം ആന്ദ്രെ ഇനിയേസ്റ്റയുടെ നേതൃത്വത്തിലുള്ള അക്കാദമിയുടെ സേവനം കേരളത്തിലും.
കേരള ഫുട്ബോൾ അസോസിയേഷനും (കെഎഫ്എ) സൂപ്പര്‍ ലീഗ് കേരളയും ചേർന്നാണ് ആന്ദ്രെ ഇനിയേസ്റ്റ സ്കൗട്ടിംഗുമായി സഹകരിച്ച് പുതിയ പരിശീലനപദ്ധതി തുടങ്ങുന്നത്.
ഇതിന്റെ ഭാഗമായി സ്കൗട്ടിംഗിലെ പരിശീലകരായ ഇബ്രാഹിം ഡിയാഗോ ഇല്മൗണ്ടവാര്, കാര്‍ലോസ് ഗാര്‍ഷിയ മാര്‍ട്ടിനെസ്, നെസ്റ്റര്‍ ആന്‍ഡ്രസ് സെറില്ലോ, പ്രാബലോ ഫോണ്ട് പ്രടെര എന്നിവര്‍ കേരളത്തിലെത്തി. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഇവർ പരിശീലനം നൽകും.
കേരളത്തിന്റെ മഹത്തായ ഫുട്ബോള്‍ പാരമ്പര്യം വീണ്ടെടുക്കുക, അതിനെ അടിത്തട്ടില്‍നിന്നും ആഗോളതലത്തിലേക്കുയര്ത്തുക, സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ അക്കാദമി പടുത്തുയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സഹകരണമെന്ന് കെഎഫ്എ പ്രസിഡന്റ് നവാസ് മീരാനും സൂപ്പര്‍ ലീഗ് കേരള സിഇഒ മാത്യു ജോസഫും പറഞ്ഞു.
സംസ്ഥാനത്തെ 30,000ത്തിലധികം കുട്ടികളെ ലക്ഷ്യമിടുന്നതാണ് പ്രോജക്ട് ഗെയിം ചെയ്ഞ്ചര്‍ പദ്ധതി. സര്‍ട്ടിഫൈഡ് പ്രോഗ്രാമിന്റെ ഭാഗമായി സൂപ്പര്‍ ലീഗ് കേരളയുടെ 50 പരിശീലകർ ഒമ്പതു മാസം നീണ്ടുനില്‍ക്കുന്ന 2500 മാച്ചുകളിലൂടെ പരിശീലനം നൽകും.
മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ ഓപ്പണ്‍ ട്രയല്‍സ് സംഘടിപ്പിച്ചിട്ടുണ്ട്.