രോഗികളും ജീവനക്കാരും നാട്ടുകാരും ശ്വാസമടക്കിനിന്ന നിമിഷങ്ങള്‍! പ്രമേഹ കുത്തിവയ്പിന് മരുന്നും സിറിഞ്ചും ഇല്ല, മരത്തിൽ കയറി രോഗിയുടെ ഭീഷണി

injection

പത്തനംതിട്ട: പ്രമേഹ ചികിത്സയ്ക്ക് സൗജന്യ മരുന്നും സിറിഞ്ചും നൽകാത്തതിൽ പ്രതിഷേധിച്ച് സാമൂഹ്യപ്രവർത്തകൻ ജനറൽ ആശുപത്രിയിലെ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. കൊല്ലം മേക്കോൺ മുരുകനാണ് (47) പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ശോച്യാവസ്‌ഥയിൽ പ്രതിഷേധിച്ച് വളപ്പിലെ പ്ലാവിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ രാവിലെ 11 നായിരുന്നു നഗരത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ സംഭവം. രോഗികളും  ജീവനക്കാരും നാട്ടുകാരും ശ്വാസമടക്കിനിന്ന നിമിഷങ്ങളാണ് ആശുപത്രിയിൽ അരങ്ങേറിയത്. ഒടുവിൽ ജനപ്രതിനിധികളും ഫയർഫോഴ്സും പോലീസും ഏറെ നേരം പണിപ്പെട്ടാണ് മുരുകനെ ശാന്തനാക്കി താഴെയിറക്കിയത്.

കഴിഞ്ഞ ദിവസം ഷുഗർ രോഗിയായ മുരുകൻ ആശുപത്രിയിൽ ചികിത്സ തേടി എത്തി. ഡോക്ടർ പരിശോധ നടത്തി ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നും കുറിച്ച് നൽകി. കുത്തിവയ്പ് എടുക്കാൻ എത്തിയപ്പോൾ മരുന്നുകളും സിറിഞ്ചും പുറത്ത് നിന്ന് വാങ്ങാനായിരുന്നു നിർദ്ദേശം. സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യമായി പ്രമേഹ മരുന്നുകൾ വിതരണം ചെയ്യേണ്ടതല്ലേയെന്ന് ചോദിച്ച മുരുകനോട് ജീവനക്കാർ മോശമായി പെരുമാറിയത്രേ. മരുന്നുകളും സിറിഞ്ചും പുറത്ത് മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങിക്കൊണ്ടുവന്നാൽ മാത്രം കുത്തിവയ്പ് എടുത്തുനൽകാമെന്ന നിലപാടിൽ ആശുപത്രി ജീവനക്കാർ ഉറച്ചുനിന്നതോടെ മുരുകൻ സമീപത്തെ കടയിൽ നിന്ന് പ്ളാസ്റ്റിക് കയറും വാങ്ങി നേരെ ആശുപത്രി വളപ്പിലെ പ്ളാവിലേക്ക് കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

ആശുപത്രി പടിക്കൽ നിരാഹാരം ഇരിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മരത്തിന് മുകളിൽ ഇരുന്ന് ഭീഷണി മുഴക്കുന്നത് കണ്ട് ആശുപത്രിപരിസരത്ത് ജനങ്ങൾ തടിച്ചുകൂടി. താഴെ ഇറങ്ങാൻ പലരും ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. വിവരം അറിഞ്ഞ് നഗരസഭ ചെയർപേഴ്സൻ രജനി പ്രദീപും വൈസ് ചെയർമാൻ പി.കെ.ജേക്കബും സ്‌ഥലത്തെത്തി. ഫയർഫോഴ്സും പോലീസും ഏറെ പരിശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. പരഹാരമുണ്ടാക്കാമെന്ന ഉറപ്പിൻമേൽ ശാന്തനായ മുരുകനെ ഫയർഫോഴ്സ് ഏണി ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു.

Related posts