കണ്ണൂര്‍: അണുബാധ പ്രതിരോധിക്കാനുള്ള ആന്റി ബയോട്ടിക് ഇൻജക്ഷനിൽ കുപ്പിച്ചില്ലു കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. മനുഷ്യാവകാശ പ്രവര്ത്തകന് ഡോ. ഗിന്നസ് മാടസ്വാമി നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. തലശേരി ജനറല്‍ ആശുപത്രി, വയനാട് നൂല്‍പ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ ആശുപത്രികളില്‍ ന്യുമോണിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്കു കുത്തി വയ്ക്കുന്നതിനായുള്ള സെഫോട്ടക്സൈമിലാണ് കുപ്പിച്ചില്ലു കണ്ടെത്തിയത്.
മരുന്ന് വിതരണം ചെയ്ത കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഉദ്യോഗസ്ഥരെ ആശുപത്രി അധികൃതര്‍ ഉടന്‍തന്നെ വിവരം അറിയിച്ചെങ്കിലും കോര്‍പറേഷന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ല എന്നും ആക്ഷേപമുണ്ടായിരുന്നു. സംസ്ഥാന അരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന്, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയിരുന്നത്.
2018 ല്‍ വാങ്ങിയ ഈ മരുന്നിന്റെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെട്ടു കമ്മീഷനു മുമ്പാകെ പരാതി നല്‍കിയത്. നേരത്തെ തമിഴ് നാട്ടിലെ ഏര്‍വാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുളികയ്ക്കുള്ളില്‍ ഇരുമ്പ് കമ്പി കണ്ടെത്തിയത് വിവാദമായിരുന്നു.