തിരുവനന്തപുരം: ഇൻജക്ഷക്ഷൻ എടുത്തപ്പോൾ രോഗിക്ക് വേദനിച്ചെന്ന് പറഞ്ഞ് വർക്കല താലൂക്കാശുപത്രിയിലെ ജീവനക്കാർക്ക് നേരെ ആക്രമണം.
രണ്ട് പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വർക്കല വില്ലുകടവ് വണ്ടിപ്പുര സ്വദേശികളായ മനു(19), സുജിത്ത് (25) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. മനുവിന്റെ കൈക്ക് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തി.
ഇഞ്ചക്ഷൻ നൽകാൻ ഡോക്ടർ നിർദേശിച്ചതിനെ നഴ്സ് ഇഞ്ചക്ഷൻ നൽകി. ഇതിനിടെ വേദന ഉണ്ടായെന്നാരോപിച്ച് മനുവും സുഹൃത്ത് സുജിത്തും ചേർന്ന് ആശുപത്രി ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിൽ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് അജയ്, സെക്യൂരിറ്റി ജീവനക്കാരായ സാബു, ശ്രീജിത്ത് എന്നിവർക്ക് പരിക്കേറ്റു.
ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് വർക്കല പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.