മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ അഭിനയ മൂഹുർത്തങ്ങൾ അത്ഭുതമായി തോന്നിയ സിനിമയായിരുന്നു ഐവി ശശി സംവിധാനം ചെയ്ത ദേവാസുരം.
1993-ൽ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയുടെ എവർഗ്രീൻ ക്ലാസിക് ഹിറ്റായി മാറിയതിന്റെ പ്രധാന കാരണം മംഗലശ്ശേരി നീലകണ്ഠൻ എന്ന മോഹൻലാലിന്റെ വേഷപ്പകർച്ച തന്നെയായിരുന്നു.
വാര്യർ എന്ന കഥാപാത്രം ഇന്നസെന്റിനു നൽകിയതും മുണ്ടയ്ക്കൽ ശേഖരൻ എന്ന വില്ലൻ വേഷം നെപ്പോളിയന് നൽകിയത് മോഹൻലാലിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു.
ദേവാസുരം സിനിമയുടെ പിന്നാന്പുറ കഥകൾ നിരവധി പ്രേക്ഷകർക്ക് മുന്നിൽ പരസ്യപ്പെട്ടെങ്കിലും ചിത്രത്തെ സംബന്ധിച്ച് ആർക്കും അറിയാത്ത മറ്റൊരു കാര്യം എന്തെന്നാൽ സീമയായിരുന്നു ദേവാസുരത്തിന്റെ ആദ്യ നിർമാതാവ് എന്നതായിരുന്നു.
ചിത്രത്തിന്റെ നിർമാതാവിന് ചില സാന്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട ആദ്യ പത്ത് ദിവസത്തെ നിർമാണച്ചെലവ് സീമ സ്വയം ഏറ്റെടുക്കുകയായിരുന്നു.
മലയാളത്തിൽ മുൻപും സീമ ചിത്രം നിർമിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് എന്ന ചിത്രത്തിന്റെ നിർമാതാവിൽ ഒരാളായിരുന്നു സീമ.
മലയാള സിനിമയുടെ മഹാവിജയമായി മാറിയ ദേവാസുരം ഐവി ശശി എന്ന സംവിധായകന്റെ കരിയറിലും കരുത്തോടെ ജ്വലിച്ചു നിന്ന ചിത്രമായിരുന്നു.
രഞ്ജിത്ത് തിരക്കഥയെഴുതിയ ചിത്രത്തിന് വേണ്ടി മോഹൻലാൽ മറ്റെല്ലാ സിനിമകളും മാറ്റിവെച്ച് ഈ ചിത്രത്തിന് വേണ്ടി ഡേറ്റ് നൽകുകയായിരുന്നു.
-പി.ജി