മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ നവജാത ശിശുക്കൾക്ക് കുത്തിവയ്പ് എടുക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സിറിഞ്ചിൽ മരുന്നു നിറച്ചുവച്ച സംഭവത്തിൽ ഡപ്യൂട്ടി ഡിഎംഒ കെ.ആർ. വിദ്യ ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി.
സംഭവ ദിവസം കുട്ടികളുടെ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോപണവിധേയയായ സ്റ്റാഫ് നഴ്സ്, പി.എൻ. സുഷമ, ജീവനക്കാർ, നഴ്സിംഗ് സൂപ്രണ്ട്, ഹെഡ് നഴ്സ് ഇൻ ചാർജ് എന്നിവരിൽനിന്നു ഡപ്യൂട്ടി ഡിഎംഒ മൊഴിയടുത്തു.
സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെത്തുടർന്നായിരുന്നു തെളിവെടുപ്പ്. കഴിഞ്ഞ മാർച്ച് 25ന് രാത്രിയായിരുന്നു വിവാദമായ സംഭവം.
പിറ്റേന്ന് രാവിലെ നൽകേണ്ട കുത്തിവയ്പിനുള്ള മരുന്ന് നഴ്സ് സിറിഞ്ചിൽ നിറച്ച് അലഷ്യമായി വാർഡിലെ മേശപ്പുറത്ത്വയ്ക്കുകയായിരുന്നു. വാർഡിലുണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കൾ ഇത് ചോദ്യം ചെയ്തതോടെ പ്രശ്നം രൂക്ഷമായി.
തുടർന്ന് രോഗികളുടെ ബന്ധുക്കളടക്കം സ്ഥലത്തെത്തി ബഹളം വയ്ക്കുകയും സംഘർഷമുണ്ടാകുകയും ചെയ്തു. ആരോപണ വിധേയയായ സ്റ്റാഫ് നഴ്സിനെ നേരത്തെതന്നെ ഡിഎംഒ സ്ഥലംമാറ്റിയിരുന്നു. ആശുപത്രി സൂപ്രണ്ട് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലംമാറ്റം.