നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ അലര്‍ജി പരിശോധന നടത്താതെ യുവതിക്ക് ഇഞ്ചക്ഷന് നല്‍കിയെന്ന് ആരോപണം. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷാലിറ്റി ഐസിയിലേക്ക് മാറ്റി.
മലയന്‍കീഴ് മച്ചേല്‍ സ്വദേശി ശരത്തിന്റെ ഭാര്യ കൃഷ്ണ (28) യാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൈക്കാട് ഗവ. ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയ കൃഷ്ണയെ പരിശോധിച്ചപ്പോള്‍ കിഡ്നി സ്റ്റോണ്‍ ആണെന്ന് കണ്ടെത്തി. തൈക്കാട് ആശുപത്രിയില്‍ സര്ജന് ഇല്ലാത്തതിനാല്‍ വീടിനു സമീപത്തെ ജനറല്‍ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്തു.
നെയ്യാറ്റിന്‍കര ഗവ. ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണുകയും വിവരങ്ങള്‍ കൈമാറുകയുമുണ്ടായി. അലര്‍ജിയുടെ ബുദ്ധിമുട്ട് തനിക്കുള്ളതായി കൃഷ്ണ വെളിപ്പെടുത്തിയെന്നും പറയുന്നു. ശരത് ഇതിനിടയില്‍ പുറത്തു പോയി. തിരികെ വരുന്നതിനു മുന്‍പ് കൃഷ്ണയ്ക്ക് ടെസ്റ്റ് ഡോസ് നല്‍കാതെ ഇഞ്ചക്ഷന് നല്‍കിയെന്നാണ് പരാതി.
അതോടെ അവശയായ കൃഷ്ണയെ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഡോക്ടര്‍മാരും പരിശോധിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കൃഷ്ണ മെഡിക്കല്‍ ഐ സി യുവില്‍ തുടരുന്നു. വിവരം അറിഞ്ഞെത്തിയ നെയ്യാറ്റിന്‍കര പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.