റാന്നി: റാന്നി വലിയകലുങ്കിൽ വായോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കുത്തിവയ്പ് നൽകി. റാന്നി വലിയകലുങ്ക് ചരിവുകാലായിൽ ചിന്നമ്മ ജോയി (66)ക്കാണ് സ്കൂട്ടറിൽ വന്നയാൾ കുത്തിവപ്പ് നടത്തിയത്. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കോവിഡ് ബൂസ്റ്റർ ഡോസാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് കുത്തിവച്ചത്.
റാന്നി ഗവൺമന്റ് ആശുപത്രിയിൽനിന്നു വരികയാണെന്നു പറഞ്ഞാണ് നടുവിന് ഇരുവശവും ഓരോ കുത്തിവയ്പ് എടുത്തത്. സിറിഞ്ച് നശിപ്പിച്ചു കളയാൻ ചിന്നമ്മയെ ഏല്പിച്ചിട്ടാണ് ഇയാൾ പോയത്.
വെള്ളസ്കൂട്ടറിലാണ് ഇയാൾ വന്നതെന്നു ചിന്നമ്മ പറഞ്ഞു. സംശയം തോന്നിയ ചിന്നമ്മ അയൽവാസിയോടെ വിവരം പറയുകയും ഇവർ വാർഡ് മെംബർ മിനി തോമസിനെ അറിയിച്ചു.
പിന്നീട് പഞ്ചായത്തിലും ആശുപത്രിയിലും ബന്ധപ്പെട്ടപ്പോൾ കുത്തിവയ്പിന് ആരെയും നിയോഗിച്ചിട്ടില്ലെന്ന് അറിയിച്ചു. ചിന്നമ്മ ഒറ്റയ്ക്കാണ് താമസം. രണ്ട് പെൺമക്കളുണ്ട്.
മെംബർ സഹോദരിയെ വിളിച്ചു വരുത്തി റാന്നി താലൂക്കാശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തി. മറ്റു കുഴപ്പങ്ങളില്ല . റാന്നി പോലീസെത്തി ചിന്നമ്മയുടെ മൊഴി എടുത്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപേക്ഷിച്ചു പോയ സിറിഞ്ചും ശേഖരിച്ചു.