പര്‍വതാരോഹകരായ പശുക്കള്‍ ! പുല്ലുതേടി പശുക്കള്‍ പോയത് 6400 അടി ഉയരമുള്ള പര്‍വതത്തില്‍;തിരികെയെത്തിച്ചത് ഹെലികോപ്റ്ററില്‍…
വേനല്‍ക്കാലമായതോടെ പുല്ലുതേടി ആല്‍പ്പൈന്‍ പര്‍വതനിരകളിലേക്ക് പോയ ഒരു കൂട്ടം പശുക്കളെ തിരികെയെത്തിച്ചത് ഹെലികോപ്റ്ററില്‍.
പരുക്കു പറ്റിയ ഒരു ഡസനോളം പശുക്കളെയാണ് ഹെലികോപ്റ്ററില്‍ ബന്ധിപ്പിച്ച് താഴ്വരയിലെത്തിച്ചത്. സ്വിറ്റ്സര്‍ലന്‍ഡില്‍ വേനല്‍ക്കാലമാകുമ്പോള്‍ നൂറുകണക്കിന് പശുക്കളാണ് സമുദ്രനിരപ്പില്‍ നിന്നും 6400 അടി ഉയരത്തിലുള്ള പുല്‍മേടുകളിലേയ്ക്ക് തീറ്റതേടി എത്തുന്നത്.
ഇത്തവണ ആയിരത്തിനടുത്ത് പശുക്കളാണ് ഇത്തരത്തില്‍ മല കയറിയത്. താഴ്വരയില് വീണ്ടും പുല്ലുകള്‍ ലഭിക്കുന്ന സമയമാവുമ്പോഴേക്കും ഇവ മടങ്ങുകയാണ് പതിവ്.
എന്നാല്‍ ഇവയില്‍ ചിലതിന് പരുക്കു പറ്റിയതിനെ തുടര്‍ന്ന് താഴ്വരയിലേക്ക് മടങ്ങാന്‍ പ്രയാസമുണ്ടെന്ന് കണ്ടെത്തിയതോടെ ഉടമസ്ഥര്‍ ഹെലികോപ്റ്റര്‍ സഹായം തേടുകയായിരുന്നു.
പശുക്കളുടെ ശരീരം പൂര്‍ണമായും താങ്ങാനാവുന്ന വിധത്തില്‍ ബലമുള്ള കവചങ്ങളൊരുക്കി അത് കേബിള്‍ വഴി ഹെലികോപ്റ്ററില്‍ ബന്ധിപ്പിച്ചാണ് അവയെ എടുത്തുയര്‍ത്തിയത്.
ഹെലികോപ്റ്റര്‍ സവാരിക്കിടെ പശുക്കള്‍ പരിഭ്രാന്തരാവുമോയെന്ന് ഭയപ്പെട്ടിരുന്നെങ്കിലും യാതൊരു പ്രശ്നങ്ങളും കൂടാതെ അവയെതാഴെയെത്തിക്കാനായി എന്ന് ഉടമസ്ഥര്‍ വ്യക്തമാക്കി.
പശുക്കളെ ഹെലികോപ്റ്ററില്‍ എടുത്തുയര്‍ത്തി താഴെയെത്തിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. പരിക്കുപറ്റിയ പശുക്കള്‍ വാഹനം കടന്നു ചെല്ലാത്ത പ്രദേശങ്ങളിലായതിനാലാണ് ഹെലികോപ്റ്റര്‍ വേണ്ടിവന്നത്. ശേഷിക്കുന്ന പശുക്കള്‍ താഴേക്കുള്ള മടക്കയാത്ര ആരംഭിച്ചിട്ടുണ്ട്.