മൂന്നാർ: തെരഞ്ഞെടുപ്പിനായി വോട്ടർമാരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയൻ മൂന്നാറിലെത്തി.
മൂന്നാർ കെഡിഎച്ച്പി മൈതാനത്ത് നടത്തിയ പ്രദർശന ഫുട്ബോൾ മത്സരത്തിൽ അദ്ദേഹം പങ്കെടുത്തു. ഇതിനോടനുബന്ധിച്ചു മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന പട്ടംപറപ്പിക്കൽ പ്രദർശനത്തിലും പങ്കെടുത്തു.
ജില്ലാ ഭരണകൂടവും കെഡിഎച്ച്പി കന്പനിയും ചേർന്നാണ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ’സ്വീപ്’ വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലും വണ്‍ ഇന്ത്യാ കൈറ്റ് ടീമും സംയുക്തമായാണ് ജില്ലയിൽ കൈറ്റ് ഫെസ്റ്റിന്റെ ഭാഗമായി പട്ടം പറത്തൽ നടത്തുന്നത്.
സ്വീപ് മുദ്ര ആലേഖനംചെയ്ത വിവിധ വർണങ്ങളിലുള്ള നൂറോളം പട്ടങ്ങൾ നവവോട്ടർമാർ വാനിലുയർത്തി. ഇടുക്കിയിലെ ടൂറിസം പ്രൊമോഷൻ പദ്ധതിയായ വിബ്ജിയോറുമായി കൈകോർത്താണ് ജില്ലാ ഭരണകൂടം പരിപാടി സംഘടിപ്പിക്കുന്നത്.
ലോക പട്ടം പറത്തൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കഥകളി പട്ടം മുഖ്യ ആകർഷണമായിരുന്നു. വിവിധ വർണങ്ങളിലും രൂപങ്ങളിലുമുള്ള നിറപ്പകിട്ടാർന്ന ഇൻഫൽറ്റ്റബിൾ ടെക്നോളജി’യിലെ 15 ഭീമൻ പട്ടങ്ങളാണ് വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കലിന്റെ നേതൃത്വത്തിൽ വാനിൽ ഉയർത്തുന്നത്.
ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ദേവികുളം സബ് കളക്ടർ പ്രേം കൃഷണൻ, അസി. കളക്ടർ സൂരജ്, മൂന്നാർ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാർ, കൈറ്റ്സിന്റെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.