നിശാന്ത് ഘോഷ്
കണ്ണൂർ: എൽഡിഎഫിന്റെ ഘടകകക്ഷിയായ ഐഎൻഎൽ പിളർപ്പ് കേരള രാഷ്ട്രീയം ചർച്ചെ ചെയ്യുന്പോൾ സിപിഎം വഹാബ് പക്ഷത്തിനൊപ്പമെന്ന സൂചനയുമായി പാർട്ടി ചാനലും സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിരുന്ന മാധ്യമപ്രവർത്തകന്റെ ചാനലും.
കുഞ്ഞാലിക്കുട്ടിയുടെ മകന്റെ സാന്പത്തീക സ്രോതസുമായും ബാങ്ക് ഇടപാടുകളും സംബന്ധിച്ച് ഇന്നലെ നടന്ന ചാനൽ ചർച്ചയിലാണ് ഇതു സംബന്ധിച്ച ചില രാഷ്ട്രീയ സൂചനകൾ വ്യക്തമായത്.
അവിഭക്ത ഐഎൻഎൽ നേതാക്കളും നിലവിൽ ദേശീയ നേതൃത്വം തങ്ങൾക്കൊപ്പമെന്ന് അവകാശപ്പെടുകയും ചെയ്തു പോരുന്ന ഐഎൻഎൽ വിഭാഗക്കാരെ കൈരളി ചാനലും റിപ്പോർട്ടർ ചാനലും തഴഞ്ഞിരുന്നു.
പകരം സംസ്ഥാന ജനറൽ സെക്രട്ടറിയായ കാസിം ഇരിക്കൂർ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് അറിയിച്ച സംസ്ഥാന പ്രസിഡന്റ് അബ്ദുൾ വഹാബിനെയും സംസ്ഥാന സമിതിയംഗവുമായ എൻ.കെ. അബ്ദുൾ അസീസിനെയുമാണ് ഇരു ചാനലുകളും ചർച്ചാ പാനലിൽ പങ്കെടുപ്പിച്ചത്.
സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലിൽ അബ്ദുൾ വഹാബായിരുന്നു ഐഎൻഎൽ പ്രതിനിധി. റിപ്പോർട്ടർ ചാനലിൽ അബ്ദുൾ അസീസും. പാർട്ടിയോ കൂറുള്ള ചാനലുകളിൽ ഇവരെ ചർച്ചയ്ക്കായി വിളിച്ചത് സിപിഎമ്മിന്റെ നിലപാടാണ് വ്യക്തമാക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മുസ്ലിം ലീഗിൽ നിന്നും പിളർന്നതിനെ തുടർന്ന വർഷങ്ങളോളും എൽഡിഎഫ് സഹയാത്രികരായി പ്രവർത്തിച്ച ഐഎൻഎല്ലിനെ പിന്നീട് ഏറെകഴിഞ്ഞാണ് ഇടത് മുന്നണി ഘടകകക്ഷിയാക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച അഹമ്മദ് ദേവർ കോവിലിനെ മന്ത്രിയുമാക്കി.
എന്നാൽ ഇതിനു പിന്നാലെ ഐഎൻഎൽ പിളരുകയായിരുന്നു. മന്ത്രിയുടെയും പാർട്ടി ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെയും പ്രവർത്തനത്തിൽ അതൃപ്തരായിരുന്ന വഹാബ് വിഭാഗം ഈ വിഷയങ്ങൾ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ വിമർശനം ഉന്നയിച്ചിരുന്നു.
ഇതിനു പിന്നാലെ പാർട്ടി കമ്മിറ്റി കൈയാങ്കളിയിലെത്തുകയും ഇരു വിഭാഗക്കാരും പരസ്പരം നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിക്കുകയുമായിരുന്നു.
അതേ സമയം ഐഎൻഎല്ലിന്റെ പിളർപ്പിനെ തുടർന്ന ആരെ ഉൾക്കൊള്ളണം ആരെ തള്ളണം എന്ന കാര്യത്തിൽ എൽഡിഎഫ് തീരുമാനമെടുത്തിട്ടില്ല. ഇതിനിടെയാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎം അനുകൂല ചാനലുകളിൽ വഹാബിനെയും വഹാബിനെ അനുകൂലിക്കുന്ന നേതാവിനെയും ചർച്ചയക്ക് വിളിച്ചത്.