ജോണ്സണ് വേങ്ങത്തടം
കോട്ടയം: എൽഡിഎഫിൽനിന്ന് പുറത്തേക്കു പോകുമെന്ന അവസ്ഥ സംജാതമായതോടെ കാന്തപുരം ഇടപെട്ട് വീണ്ടും സമവായ ചർച്ചകൾ ആരംഭിച്ചതോടെ ഐഎൻഎല്ലിലെ പ്രശ്നങ്ങൾക്കു പരിഹാരമാകുന്നു.
തമ്മിൽത്തല്ലുവരെയെത്തിയ ഐ എൻഎല്ലിലെ പിളർപ്പിനു പരിഹാരമാവുമെന്നാണ് കരുതുന്നത്. പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂരും കാന്തപുരത്തിന്റെ മധ്യസ്ഥതയിൽ കൈ കൊടുക്കുമെന്നറിയുന്നു.
പ്രസിഡന്റ് സ്ഥാനം കൊടുക്കുന്ന വിഭാഗത്തിനു മന്ത്രിസ്ഥാനം കൊടുക്കാതെയുള്ള ഒത്തുതീർപ്പു ചർച്ചകളുമായിട്ടാണ് കാന്തപുരം രംഗത്തിറങ്ങിയത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ തന്നെയാണ് ചർച്ചകൾക്കു നേതൃത്വം നൽകിയത്.
സിപിഎമ്മിന്റെ കടുത്ത നിലപാടാണ് വീണ്ടും കാന്തപുരത്തിനെ രംഗത്തിറക്കിയത്. ഇതോടെ ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകുമെന്നറിയുന്നു.
അബ്ദുൽ വഹാബ് തിരിച്ചെത്തും
പ്രഡിഡന്റ് സ്ഥാനത്തേക്ക് എ.പി. അബ്ദുൾ വഹാബ് തിരിച്ചുവരുന്നതിനോട് എതിർപ്പില്ലെന്നു പറഞ്ഞ് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ യോജിപ്പിന്റെ വഴിതുറന്നു കഴിഞ്ഞു. എ.പി. അബ്ദുൾ വഹാബിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിനു യാതൊരു തടസങ്ങളുമില്ലെന്ന് കാസിം ഇരിക്കൂർ പറഞ്ഞത്.
എല്ലാവരും സഹകരിച്ചാൽ ഒത്തുതീർപ്പ് ഉടൻ ഉണ്ടാവും. ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും കാസിം ഇരിക്കൂർ വ്യക്തമാക്കി.ഹജ്ജ് കമ്മറ്റിയിൽനിന്ന് ഐഎൻഎലിനെ ഒഴിവാക്കി സിപിഎം നിലപാട് കടുപ്പിച്ചതോടെ നടക്കുന്ന തിരക്കുപിടിച്ച രണ്ടാം ഘട്ട ചർച്ചകൾ ഫലം കാണാൻ തന്നെയാണ് സാധ്യത.
അച്ചടക്ക നടപടി നേരിട്ടവരെ തിരിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കാസിം ഇരിക്കൂർ പറഞ്ഞു.പിളർന്ന ഐഎൻഎല്ലിനെ അനുനയിപ്പിച്ച് ഒന്നാക്കാൻ കാന്തപുരം വിഭാഗം നേതാവ് അബ്ദുൽ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിലാണ് ആദ്യഘട്ട ശ്രമം നടന്നത്.
എൽഡിഎഫിന്റെ കൂടെ താൽപര്യ പ്രകാരം മൂന്നു തവണ ചർച്ച നടത്തിയിട്ടും ഫലം കാണാത്തതിനാൽ മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചതായി അസ്ഹരിയുടെ വക്താക്കൾതന്നെ അന്ന് അറിയിച്ചു. എ.പി. അബ്ദുൽ വഹാബ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
അച്ചടക്ക നടപടിയിലൂടെ പുറത്താക്കിയ മുതിർന്ന നേതാക്കളെയടക്കം തിരിച്ചെടുക്കണമെന്ന എ.പി. അബ്ദുൾ വഹാബിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കാസിം ഇരിക്കൂർ നിലപാടെടുത്തതായിരുന്നു ചർച്ച അലസിപ്പിരിയാൻ കാരണം.
പ്രശ്നങ്ങൾ കെട്ടടങ്ങിയാലും
ഇരുപത്തിരണ്ട് വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യൻ നാഷണൽ ലീഗിന് (ഐഎൻഎൽ) ഇടതുമുന്നണിയിൽ പ്രവേശനം കിട്ടിയത്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസ്ഥാനവും ലഭിച്ചതോടെ കേരളത്തിന്റെ ഭരണാധികാരത്തിൽ പങ്കാളികൂടിയായി ഐഎൻഎൽ.
മുസ്ലിം ലീഗിനു സീറ്റുകൾ നഷ്ടമാകുകയും വോട്ടു കുറയുകയും ചെയ്ത അതേ സാഹചര്യത്തിലാണ് ഇപ്പുറത്ത് മുസ്ലിംലീഗിനെ പരാജയപ്പെടുത്തിയ അഹമ്മദ് ദേവർക്കോവിലിന് മന്ത്രിസ്ഥാനവും ലഭിക്കുന്നത്.
മുന്നണി പ്രവേശവും അധികാര പങ്കാളിത്തവും ലഭിച്ച സാഹചര്യത്തിൽ പുതിയൊരു ഉണർവിലേക്ക് പാർട്ടി മാറുമെന്നും മുസ്ലിം സമുദായത്തെ കൂടുതൽ ആകർഷിക്കാൻ കഴിയുമെന്നുമായിരുന്നു പ്രതീക്ഷ. കാന്തപുരത്തിന്റെ അനുഗ്രഹത്തോടെയാണ് ഐഎൻഎൽ പ്രവർത്തിക്കുന്നത്.
ഇതാണ് എൽഡിഎഫ് സർക്കാർ ഐഎൻഎല്ലിനെ മുന്നണിയിലെടുക്കാനും മന്ത്രിസ്ഥാനം നൽകാനും ഇടയാക്കിയത്. ഐഎൻഎല്ലിനെ പ്രശ്നങ്ങൾ കെട്ടടങ്ങിയാലും പരസ്യമായും രഹസ്യമായും ലക്ഷങ്ങളുടെ അഴിമതിയാരോപണം പാർട്ടിയിലും നേതാക്കളുടെ മുന്നിലും ഇപ്പോഴും നിലനിൽക്കുകയാണ്.