സ്വന്തം ലേഖകൻ
കോഴിക്കോട്: എൽഡിഎഫ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി മുന്നണിക്ക് പുറത്ത് നിന്ന് പിന്താങ്ങുന്നവരെ ഘടകകക്ഷിയാക്കാനുള്ള നീക്കങ്ങൾ തികഞ്ഞ പ്രതീക്ഷ നൽകുന്നതാണെന്ന് ഐഎൻഎൽ. ഐഎഎൻഎല്ലിന്റെ മുന്നണി പ്രവേശനം ഇത്തവണ സാധ്യമാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുഴുവൻ പ്രവർത്തകരുമെന്ന് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ് രാഷ്ട്രദീപികയോട് പറഞ്ഞു.
26ന് നടക്കുന്ന എൽഡിഎഫ് യോഗത്തിലാണ മുന്നണി വിപുലീകരണത്തെ കുറിച്ച് ചർച്ച നടക്കുന്നത്. ഇതിന്റെ ഭാഗമായി സിപിഎം നേതാക്കൾ വിവിധ ഘടകകക്ഷികളുമായി നേരത്തെ തന്നെ കൂടിയോലോചനകൾ നടത്തിയിട്ടുണ്ട്. 1994ൽ ഇബ്രാഹിം സുലൈമാന്റെ നേതൃത്വത്തിൽ ഇടത് മുന്നണിയെ പിന്തുണയ്ക്കാൻ തുടങ്ങിയ ഇന്ത്യൻ നാഷ്ണൽ ലീഗിനെ ഇനിയുള്ള കാലം എൽഡിഎഫിന് പുറത്ത് നിർത്താൻ സാധിക്കില്ലെന്നും അബ്ദുൾ വഹാബ് പറഞ്ഞു.
ഐഎൻഎൽ രൂപീകരിച്ചത് മുതൽ ഇടതുപക്ഷ നിലപാടാണ് പാർട്ടി സ്വീകരിച്ചത്. പാർട്ടിയുടെ രൂപീകരണം പോലും ഇതേ നിലപാടിനെ തുടർന്നായിരുന്നു. ഒരേ തരത്തിലുള്ള മുതലാളിത്വ-സാമ്രാജ്യത്വ അജൻഡകൾ പിന്തുടരുന്ന ബിജെപിക്കും കോൺഗ്രസിനും ബദലായി മതേതര മുന്നണി ഉയർന്ന് വരണമെന്ന ആവശ്യം ഐഎൻഎൽ തുടക്കം മുതൽ പറയുന്നതാണെന്നും അബ്ദുൾ വഹാബ് വ്യക്തമാക്കി. 24 വർഷത്തെ കാത്തിരിപ്പൊനൊടുവിലാണ് ഐഎൻഎലിനെ മുന്നണിയിലെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ച എൽഡിഎഫ് ഗൗരവത്തോടെ കാണുന്നത്.
1994ൽ പാർട്ടി രൂപീകരിച്ച നാൾ മുതൽ ഐഎൻഎൽ ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും എൽഡിഎഫ് ആവശ്യം തള്ളുകയായിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞുടുപ്പ് കാലത്ത് മുന്നണി പ്രവേശനം സാധ്യമാകുമെന്ന ഘട്ടത്തിലെത്തിയിട്ട് പോലും ഐഎൻഎല്ലിന് നിരാശയായിരുന്നു ഫലം.
ഇത്തവണ അതുണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കളും പ്രവർത്തകരും. വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദളിനെയും ബാലകൃഷ്ണപിള്ളയുടെ കേരളാ കോൺഗ്രസിനെയും മുന്നണിയിലെടുക്കുകയാണെങ്കിൽ ഐഎൻഎല്ലിനെ പുറത്ത് നിർത്താൻ കഴിയില്ലെന്ന നിലപാടിലേക്ക് എൽഡിഎഫ് എത്തിയതായാണ് നേതാക്കൾ നൽകുന്ന വിവരം.
നേരത്തെ മുന്നണി വിട്ട് പോയ ആർഎസ്പിയെ തിരിച്ചെത്തിക്കാനുള്ള ശ്രമവും മുന്നണിയിൽ നടക്കുന്നതായും വിവരമുണ്ട്. ഇത്തരത്തിൽ മുന്നണി വിപുലീകരിക്കുന്പോൾ 24 വർഷമായി മുന്നണിയെ പിന്തുണയ്ക്കുന്ന പാർട്ടിയെ എൽഡിഎഫിന് പുറത്ത് നിർത്താൻ സാധിക്കില്ലെന്നാണ് നേതാക്കളും പറയുന്നത്.
1994ൽ ലീഗ് അഖിലേന്ത്യ അധ്യക്ഷനായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം ലീഗ് വിട്ട് ഐഎൻഎൽ രൂപീകരിക്കുന്നത്. കോൺഗ്രസ് ബന്ധം വിച്ഛേദിക്കണമെന്ന നിലപാട് ലീഗ് സംസ്ഥാന നേതൃത്വം തള്ളിയതോടെയാണ് ഐഎൻഎൽ എന്ന പാർട്ടി പിറവിയെടുക്കുന്നത്.