കോഴിക്കോട്: പി.ടി.എ. റഹീം എംഎല്‍എയുടെ നേതൃത്വത്തിലുള്ള (എന്‍ എസ് സി) ഐഎന്‍എലില്‍ ലയിച്ചതോടെ മലബാറില്‍ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയില്‍ ഇടതുമുന്നണി. ലയന സമ്മേളനം മാര്‍ച്ച് 30ന് കോഴിക്കോട്ട് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിന് ഈ നീക്കം സഹായകരമാകുമെന്ന് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പറയുന്നത്.
അതേസമയം സ്ഥാനമാനങ്ങള്‍ നഷ്ടമാകുമെന്ന ഭയത്താല്‍ ഒരു വിഭാഗം ഐഎന്‍എല്‍ ഭാരവാഹികള്‍ ലയനത്തിനെതിരേ നിലപാട് എടുത്തിട്ടുണ്ട്. ഇവരെ കൂടി കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് ലയന സമ്മേളനം മാര്‍ച്ച് 30ലേക്ക് നീട്ടിവച്ചതെന്നാണ് അറിയുന്നത്. അതിനൊപ്പം തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ലയനസമ്മേളനം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി വിലപേശുന്നതിനുള്ള തന്ത്രമായും വിലയിരുത്തപ്പെടുന്നു.
സംസ്ഥാനത്തു തന്നെ രണ്ട് പാര്‍ട്ടികളായിട്ടാണ് ഐഎന്‍എല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് .ഇങ്ങനെയുള്ള പാര്‍ട്ടിയുമായി എന്‍എസ്സിക്ക് എത്രകാലം യോജിച്ചു പോകാന്‍ സാധിക്കുമെന്ന ചോദ്യവും ഉയരുന്നു.എന്എസ്സിയുടെ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ഐഎന്‍എലുമായി തെറ്റിപ്പിരിഞ്ഞ ഐഎന്‍എല്‍ ഡെമോക്രറ്റിക്കുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്.
അതേസമയം ഇടുതുമുന്നണിപ്രവേശനം സാധ്യമായതോടെ ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. ഇതിനൊപ്പം എന്എസ്സി കൂടി ചേരുന്നതോടെ സംഘടനാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് കരുതപ്പെടുന്നത്. എല്‍ഡിഎഫ് പ്രവേശനം സാധ്യമായ ഉടന്‍ നേരത്തെ പാര്‍ട്ടിവിട്ടവരെയും മറ്റ് ന്യൂനപക്ഷ പാര്‍ട്ടികളിലെ നേതാക്കളെയും ഒപ്പം ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഐഎന്‍എല്‍ തുടങ്ങിയിരുന്നു.
അടുത്തിടെ മുസ്ലിം ലീഗിലേക്ക് പോയ ചില നേതാക്കളെയും പിഡിപിയില്‍ നിന്നും മറ്റും ചിലരെയും പാര്‍ട്ടിയിലെത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് റഹീമിനെയും കൂട്ടരെയും ഐഎന്‍എലില്‍ എത്തിച്ചിരിക്കുന്നത്. കൊടുവള്ളി, കുന്നമംഗലം, തിരുവമ്പാടി മണ്ഡലങ്ങള്‍ക്ക് പുറമേ തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലുമെല്ലാം എന്‍എസ്സിക്ക് സംഘടനാ പ്രവര്‍ത്തനമുണ്ട്.
റഹീമിന് പിന്നാലെ മറ്റ് ഇടത് സ്വതന്ത്ര എംഎല്‍എമാരെയും പാർട്ടിയിലെത്തിക്കാനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പലരുമായും പ്രാഥമിക ചര്‍ച്ചകളും നടന്നു കഴിഞ്ഞു. നേരത്തെ മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചനടക്കുമ്പോള്‍ തന്നെ ഇത്തരം ഗ്രൂപ്പുകളെയെല്ലാം ഒരുമിപ്പിക്കാന്് എല്‍ഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.ഇത് മലബാറില്‍ തിരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. തങ്ങളെ മുന്നണിയിലെടുത്തതിനുശേഷം ആദ്യം വരുന്ന തെരഞ്ഞെടുപ്പില്‍ ശക്തിതെളിയിക്കാനാകുമെന്നുതന്നെയാണ് ഐഎന്‍എല്‍ നേതൃത്വം കരുതുന്നത്.