കൊച്ചി: ഐഎന്‍എല്ലിലുണ്ടായ തമ്മിലടിയിലും പിളര്‍പ്പിലും ഇടതുപക്ഷത്ത് കടുത്ത അതൃപ്തി. അടുത്ത മുന്നണി യോഗം ഇക്കാര്യം ചര്‍ച്ചയ്ക്കെടുക്കും. മന്ത്രിസ്ഥാനം നല്കിയ തിരുമാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായം ചില ഇടതുനേതാക്കള്‍ക്ക് ഉണ്ട്. അതേസമയം മുന്നണിയില്‍ തുടരാനുള്ള നീക്കങ്ങള്‍ ഇരു പക്ഷവും സജീവമാക്കി.
അടുത്തമാസം മൂന്നിനു കോഴിക്കോട്ട് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ച് ഭൂരിപക്ഷം തെളിയിക്കാനാണ് വഹാബ് വിഭാഗത്തിന്റെ തീരുമാനം. കാസിം ഇരിക്കൂറിന്റെ നിലപാടുകളെല്ലാം ഇടതുമുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ഇവരുടെ ആക്ഷേപം. വഹാബിനും അനുയായികള്‍ക്കും മുസ്ലിം ലീഗുമായി അന്തര്‍ധാരയുണ്ടെന്നാണ് കാസിം ഇരിക്കൂറിന്റെ ആരോപണം.
ഓഫീസ് പിടിക്കാൻ ശ്രമം തുടങ്ങി
പിളര്‍പ്പിനെ തുടര്‍ന്നു കമ്മറ്റി ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ ഇരുപക്ഷവും ശ്രമം തുടങ്ങി. ഐഎന്‍എല്‍ പിളര്‍ന്നിട്ടില്ലെന്നും അഖിലേന്ത്യാ സംവിധാനമാണെന്നും മന്ത്രി ദേവര്‍കോവില്‍ പറയുന്നത്. അഖിലേന്ത്യാ നേതൃത്വം കൂടെ നിന്നാല്‍ മന്ത്രിസ്ഥാനം തെറിക്കില്ലെന്ന ഉറപ്പാണ് ദേവര്കോവിലുള്ളത്.
താന്‍ പാര്‍ട്ടിയുടെ ഭാഗമാണെന്നും മന്ത്രി പറയുന്നു. എന്നാല്‍ സിപിഎം ഇരുവിഭാഗത്തെയും പുറത്താക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഇരുപക്ഷത്തെയും എല്‍ഡിഎഫില്‍നിന്നും പുറത്തുനിര്‍ത്താനുള്ള നീക്കവും സിപിഎം ആലോചിക്കുന്നു.
ഘടകകക്ഷിയായത് 2018ൽ
1994 ഏപ്രില്‍ 23ന് രൂപീകരിക്കപ്പെട്ട ഐഎന്‍എല്‍ അന്നുമുതല്‍ ഇടതുപക്ഷത്തിനൊപ്പമാണ്. എന്നാല്‍ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കിയത് 24 വര്‍ഷത്തിനു ശേഷം 2018 ഡിസംബര്‍ 26നാണ്. പരസ്പരം പോരടിച്ചുതുടങ്ങിയപ്പോള് ഐഎന്‍എലിലെ ഇരുവിഭാഗം നേതാക്കളെയും എകെജി സെന്ററിൽ വിളിച്ചുവരുത്തി സിപിഎം ശാസിച്ചതാണ്.
വിഴുപ്പലക്കല്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ പേരിലാണെങ്കിലും മുന്നണിക്ക് പൊറുപ്പിക്കാനാകില്ലെന്നായിരുന്നു ശാസന. പക്ഷേ, തല്ല് തെരുവിലാക്കി പരസ്പരം പഴിചാരി പിളര്‍ന്നിരിക്കുകയാണ് ഐഎന്‍എല്‍. ഐഎന്‍എല്‍ ദേശീയ നേതൃത്വം ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വിഭാഗത്തിനൊപ്പമാണെന്നാണ് സൂചന.
മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഈ വിഭാഗത്തിലാണ്. അതിനാല്‍, ഔദ്യോഗിക വിഭാഗമായി കാസിമിനെയും കൂട്ടരെയും കണ്ട് മുന്നണിയില്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് എളുപ്പമാണ്. അഹമ്മദ് ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനത്തിനും പരിക്കുണ്ടാകില്ല. ദേശീയനേതൃത്വം കാസിമിനെ പിന്തുണച്ചാല്‍ സംസ്ഥാന പ്രസിഡന്റ് പി.വി. അബ്ദുള്‍ വഹാബിന് പുതിയ പാര്‍ട്ടിയുണ്ടാക്കേണ്ടിവരും.
കടുത്ത തീരുമാനം വേണ്ടിവരും
ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയും അവരുടെ മന്ത്രിയും എന്ന നിലയില്‍ മന്ത്രിസഭയില്‍നിന്നു തിരക്കിട്ട് ഒഴിവാക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ മന്ത്രിയെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടിയില്‍ ദുര്‍ബലരാണ് എന്നു തെളിയിക്കപ്പെട്ടാല്‍ കടുത്ത തീരുമാനം എല്‍ഡിഎഫിന് എടുക്കേണ്ടിയും വരും.
അതേസമയം ആര്‍ക്കാണ് ജനുപിന്തുണ എന്ന കാര്യം അടക്കം സിപിഎമ്മിന് നിര്‍ണായകമാണ്. ഘടകകക്ഷി അംഗത്വവും മന്ത്രിപദവും കൊടുത്തപ്പോള്‍ സിപിഎം നേതൃത്വത്തിനു കൊടുത്ത വാക്ക് ഐഎന്‍എല്‍ തെറ്റിച്ചു. മുസ്ലിംലീഗിന്റെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താനും ലീഗിലെ കൂടുതല്‍ പേരെ ഇടതു പാളയത്തിലേക്ക് എത്തിക്കാനും എല്ലാ ശ്രമവും നടത്തുമെന്നായിരുന്നു അവര്‍ നല്കിയ ഉറപ്പ്.
രണ്ടര വര്‍ഷത്തേക്ക് ആണെങ്കിലും മന്ത്രിസ്ഥാനം ലഭിച്ചതോടെ ഐഎന്‍എല്ലില്‍ ചേരുന്നവരുടെ എണ്ണം കൂടുകയും ചെയ്തിരുന്നു. അതിനിടയിലാണു പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കം എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പിഎസ്സി അംഗത്തിന്റെ നിയമനത്തിനായി 40 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണവും ഇതുസംബന്ധിച്ചു സംസ്ഥാന നേതാവിന്റെ ശബ്ദരേഖയും പുറത്തുവന്നത് ഐഎന്‍എല്ലില്‍ നേരത്തേ തന്നെ വന്‍ വിവാദമായിരുന്നു. അഹമ്മദ് ദേവര്‍കോവിലിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ലീഗിന്റെ ഒരു എംപിയില്‍നിന്ന് ലക്ഷങ്ങള്‍ സംഭാവന വാങ്ങിയെന്നും ആരോപണമുണ്ടായി.