തൃശൂർ: ഒരു ഇൻലന്റ് മാസിക അത് പ്രകാശനം ചെയ്യാൻ പറ്റിയ ആളാരാണ്….ഒരു പോസ്റ്റുമാൻ. തൃശൂർ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ഇൻലന്റ് മാസികയുടെ പ്രകാശനത്തിന് ആരെ കൊണ്ടുവരണമെന്ന സംശയം അതോടെ തീർന്നു. അങ്ങിനെ ഇൻലന്റ് മാസികയുടെ പ്രകാശനത്തിന് ആ പോസ്റ്റുമാനെത്തി. ഒരുപക്ഷേ കേരളത്തിലെ കലാലയ ചരിത്രത്തത്തിൽ ആദ്യമായിട്ടായിരിക്കാം ഒരു പോസ്റ്റുമാൻ ഒരു പ്രകാശന കർമം നിർവഹിക്കുന്നത്.
കോ-ഓപ്പറേറ്റീവ് കോളേജിലെ അക്ഷരം സാഹിത്യ വേദി പുറത്തിറക്കുന്ന കുഞ്ഞു മാസികയുടെ ഈ വർഷത്തെ ആദ്യ ലക്കത്തിന്റെ പ്രകാശനമാണ് ഇത്തരത്തിൽ വേറിട്ടതായത്. കേരളത്തിലെ മികച്ച പോസ്റ്റുമാൻ അവാർഡ് നേടിയ അരങ്ങത്ത് രാമൻകുട്ടിയാണ് ഇൻലന്റ് മാസിക പ്രകാശനം ചെയ്തത്.
തൃശൂർ ഡിവിഷനിലെ ഏറ്റവും മുതിർന്ന പോസ്റ്റുമാനായ രാമൻകുട്ടിയെകുറിച്ച് അറിഞ്ഞ കോളജിലെ അധ്യാപകരും വിദ്യാർഥികളും തങ്ങളുടെ ഇൻലന്റ് മാസിക പ്രകാശിതമാകുന്നത് എത്രയോ ഇൻലന്റുകൾ കൈകാര്യം ചെയ്ത ആ പോസ്റ്റുമാന്റെ കൈകൾ കൊണ്ടാകണമെന്ന് തീരുമാനിച്ചപ്പോൾ അത് പോസ്റ്റൽ ഡിപ്പാർട്ടുമെന്റിനും അഭിമാന വേളയായി.
വിദ്യാർഥികൾ എഴുതിയ കവിതകൾ, വരച്ച ചിത്രങ്ങൾ, സിനിമ നിരൂപണം, ശേഖരിച്ച മഹത് വചനങ്ങൾ, കലാലയ വാർത്തകൾ എന്നിവ ഉൾകൊള്ളിച്ച് ഇൻലന്റ് രൂപത്തിൽ ആണ് കുഞ്ഞു മാസിക രൂപകൽപന ചെയ്തിരിക്കുന്നത്.യൂണിഫോമിൽ തന്നെയാണ് രാമൻകുട്ടി കോളജിലെത്തിയത്.
ഇൻലന്റുകളിൽ എത്രയോ ദൂരെദിക്കുകളിൽ നിന്നെത്തിയിരുന്ന സന്ദേശങ്ങൾ എത്രയോ പേർക്ക് കൈമാറിയ പോസ്റ്റുമാൻ രാമൻകുട്ടി ഇൻലന്റ് മാസിക പ്രകാശനം ചെയ്തപ്പോൾ അത് കാന്പസ് രചനകളുടെ പ്രകാശനചരിത്രത്തിൽ പുതിയ മേൽവിലാസമായി…