തലശേരി: സൗഹൃദത്തിന്റെ പേരിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ചതെന്ന് സി.ഒ.ടി.നസീർ. ഇന്നലെ രാത്രി തലശേരി റസ്റ്റ് ഹൗസിൽ ഉമ്മൻചാണ്ടിയെ കണ്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിലെത്തിയ ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയും തലശേരി നഗരസഭാ മുൻ കൗൺസിലറുമായ സി.ഒ.ടി.നസീർ.
” ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് മാപ്പ് പറയുന്നത്. അത് തന്നെയാണ് ഇന്നലെ എന്നോടും ചുറ്റുമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരോടും ഉമ്മൻചാണ്ടിയും ചോദിച്ചത്. തെറ്റുചെയ്തിട്ടില്ലെങ്കിൽ പശ്ചാത്തപിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തു.
അനുജന്റെ വിവാഹത്തിന് ഉമ്മൻചാണ്ടിയെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന് വരാനായില്ല. തലശേരിയിൽ വരുന്പോൾ കാണാമെന്ന് പറഞിരുന്നു. അങ്ങനെയാണ് ഇന്നലെ തലശേരി റസ്റ്റ്ഹൗസിൽ ഉമ്മൻചാണ്ടിയെ സന്ദർശിച്ചത്.
കല്ലേറ് കേസിൽ താൻ നിരപരാധിയാണെന്നും ചിലർ തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും ഇപ്പോൾ സിപിഎം നേതൃത്വവുമായി അകന്നുകഴിയുന്ന നസീർ പറഞ്ഞു.
സേവനമാണ് എന്റെ രാഷ്ട്രീയപ്രവർത്തനം. മനസിന് സന്തോഷം പകരുന്ന ആ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ മനഃപൂർവം കേസിൽ കുടുക്കിയവർ തന്റെ പാസ്പോർട്ട് പുതുക്കിനൽകുന്നത് പോലും മരവിപ്പിച്ചിരിക്കുകയാണെന്നും നസീർ ഉമ്മൻ ചാണ്ടിയോടു പറഞ്ഞു. നസീറിന്റെ നേതൃത്വത്തിൽ തലശേരിയിലെ സിപിഎം പ്രവർത്തകരും അനുഭാവികളുമായ യുവാക്കളടങ്ങുന്ന സംഘം കിവീസ് എന്നപേരിൽ ക്ലബ് രൂപീകരിച്ച് സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ സജീവമാണിപ്പോൾ.
2013 ഒക്ടോബർ 27ന് വൈകുന്നേരം കണ്ണൂരിൽ നടന്ന കേരള പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുന്നതിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ കാറിനുനേരേ ഒരുസംഘം കല്ലേറ് നടത്തിയത്. കല്ലേറിൽ കാറിന്റെ ചില്ല് തകരുകയും ഉമ്മൻ ചാണ്ടിയുടെ നെറ്റിക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു.