ന്യൂഡല്‍ഹി : മുന്‍ എംപിയും നടനുമായ ഇന്നസെന്റിനെ ഓര്‍ത്തെടുക്കാന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഡല്‍ഹിയില്‍ ഒത്തുചേര്‍ന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്നസെന്റ് തോല്‍പ്പിച്ച പി.സി.ചാക്കോയും ഇന്നസെന്റിനെ തോല്‍പ്പിച്ച ബെന്നി ബഹനാനും ഓര്‍മ്മകള്‍ അയവിറക്കി.
കേരള പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകം സംഘടിപ്പിച്ച ഓര്‍മകളില്‍ ഇന്നസെന്റ് എന്ന അനുസ്മരണ പരിപാടിയിലാണ് തെരഞ്ഞെടുപ്പ് കാലവും ഓര്‍ത്തെടുത്തത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആശുപത്രിയിലായപ്പോള്‍ ആദ്യം ഓടിയെത്തിയത് ഇന്നസന്റ് ആയിരുന്നെന്ന് ബെന്നിബെഹന്നാന്‍ പറഞ്ഞു.
ചാലക്കുടിയില്‍ പി.സി.ചാക്കോയും ഇന്നസെന്റും തമ്മില്‍ മത്സരിച്ചപ്പോള്‍ ഉണ്ടായ രംഗങ്ങള്‍ ചാക്കോ വിവരിച്ചു.
ഫലം വരുമ്പോള്‍ താന്‍ പാര്‍ലമെന്റിലും ഇന്നസെന്റ് ഇരിങ്ങാലക്കുടയിലും ഇരിക്കുമെന്ന് പറഞ്ഞത് അമിത ആത്മവിശ്വാസം മൂലമായിരുന്നു.
ഒരിക്കല്‍ പാര്‍ലമെന്റിൽവച്ച് കണ്ടുമുട്ടിയപ്പോള്‍ താനെന്താ ഇവിടെ എന്നായിരുന്നു ഇന്നസെന്റിന്റെ ചോദ്യമെന്നു ചാക്കോ പറഞ്ഞപ്പോള്‍ വേദിയില്‍ ചിരി പടര്‍ന്നു.
ഒരുമിച്ചു സിനിമയില്‍ അഭിനയിച്ചതിനെകുറിച്ചാണ് രാജ്മോഹന്‍ ഉണ്ണിത്താന് എംപി അനുസ്മരിച്ചത്.
കാന്‍സര്‍ ചികിത്സയുടെ ഒരുഘട്ടത്തിലും അന്ധവിശ്വാസത്തിനു വഴങ്ങാതെ ശാസ്ത്രീയ ചികിത്സയിലായിരുന്നു ഇന്നസെന്റ് വിശ്വസിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഇവരെ കൂടാതെ എംപിമാരായ അബ്ദു സമദ് സമദാനി, ബിനോയ് വിശ്വം, ഡോ .വി.ശിവദാസന്‍, എ.എം.ആരിഫ്, കേരള ഹൗസ് സ്പെഷല്‍ ഓഫീസര്‍ പ്രഫ. കെ.വി. തോമസ്, മാധ്യമപ്രവര്‍ത്തകരായ എന്‍. അശോകന്, ജോര്‍ജ് കള്ളിവയലില്‍, ഡോ. പ്രകാശന് പുതിയേട്ടി, ഇന്നസെന്റിന്റെ പിഎ ആയിരുന്ന അരുണ്‍ ദേവ്, രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
ഹൈബി ഈഡന്, ടി.എന്‍.പ്രതാപന്, എന്‍.അശോകന്, ബാബു പണിക്കര്‍ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കെയുഡബ്ല്യൂജെ സെക്രട്ടറി ഡി.ധനസുമോദ് അധ്യക്ഷത വഹിച്ചു.