ഇരിങ്ങാലക്കുട: നർമ്മത്തിന്റെ മർമം അറിഞ്ഞ് ആസ്വദിക്കാൻ കഴിഞ്ഞാൽ ജീവിത വൈഷമ്യങ്ങളെ തരണം ചെയ്യാനുള്ള ഏറ്റവും ശക്തമായ ആയുധമായിരിക്കും അതെന്ന് ടി.വി. ഇന്നസെന്റ് അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും നർമ്മമാണ് ജീവിതത്തിന് കരുത്തത് നൽകിയതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
വിഷൻ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗണ്‍ ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ കലാസംഗമം ഉദ്ഘാടനം ചെയത്് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുരിതമയമായ മാനുഷിക ജീവിതത്തിൽ നർമ്മം ഒരു മരുന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വനിത ഫെഡ് അധ്യക്ഷ അഡ്വ. കെ.ആർ. വിജയ അധ്യക്ഷത വഹിച്ചു. ക്യാരിക്കേച്ചറിസ്റ്റും, സിനിമാ നടനുമായ ജയരാജ് വാര്യർ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചയാത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല ബാബു, ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലർ അന്പിളി ജയൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൻമാരായ ലത സുരേഷ്, ഷൈലജ ബാലൻ, കെ.എസ്. ഡാലിയ, ഷീജ മോഹനൻ, അജിത വിജയൻ, അനിത ബിജു, അജിത ബാബു, സുവിധ വിനയൻ, മുരിയാട് കുടുംബശ്രീ ചെയർപേഴ്സണ്‍ ഷീജ മോഹനൻ, ഇരിങ്ങാലക്കുട കുടുംബശ്രീ ചെയർപേഴ്സണ്‍ ലത സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി ഉപഹാരസമർപ്പണം നടത്തി. നാട്ടറിവുമൂല സിസ്റ്റർ റോസ് ആന്റോയും, കലാസന്ധ്യ ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസനും ഉദ്ഘാടനം ചെയ്തു.