സെബി മാളിയേക്കൽ
ഇരിങ്ങാലക്കുട പട്ടണത്തെയും പിണ്ടിപ്പെരുന്നാൾ, കൂടൽമാണിക്യം ഉത്സവം എന്നീ ആഘോഷങ്ങളെയുമെല്ലാം തന്റെ സിനിമയിലൂടെയും പുസ്തകങ്ങളിലൂടെയും ലോകത്തിനു സുപരിചിതമാക്കിയ അതുല്യനടനായിരുന്നു ഇന്നച്ചൻ എന്ന ഇന്നസെന്റ്.
എട്ടാം തരത്തിൽ പഠിത്തം നിർത്തിയെങ്കിലും ഇരിങ്ങാലക്കുടയിലെ എല്ലാ സ്കൂളിലും പഠിച്ചതിന്റെ ക്രെഡിറ്റ് തനിക്കു മാത്രമാണെന്ന് ഇന്നച്ചൻ പറയുന്പോൾ ഇരിങ്ങാലക്കുടക്കാരുടെ മാത്രമല്ല, ലോകം മുഴുവനുമുള്ള മലയാളികളുടെ ചുണ്ടിൽ പുഞ്ചിരി വിടരും.
ഡോൺ ബോസ്കോ ഇംഗ്ലീഷ് മീഡിയം, ലിറ്റിൽ ഫ്ലവർ, നാഷണൽ, ഗവ. ബോയ്സ് എന്നീ സ്കൂളുകളിൽ പഠിച്ച അനുഭവങ്ങളും ഇവയെ ചുറ്റിപ്പറ്റിയുള്ള ഉപകഥകളുമെല്ലാം വിവിധങ്ങളായ കോമഡി ഷോകളിലൂടെയും അഭിമുഖങ്ങളിലൂടെയുമെല്ലാം മലയാളി സമൂഹത്തിനു ചിരപരിചിതമാണ്.
സ്കൂൾ പഠനം കഴിഞ്ഞ് അപ്പനോടൊപ്പം ബിസിനസിലേക്കു തിരിഞ്ഞതും മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പലതവണ അങ്കം കുറിച്ചതും ഒരു തവണ ജയിച്ചതും കല്ലേറ്റുംകരയിൽ തീപ്പട്ടി കന്പനി തുടങ്ങിയതും സിനിമാ സ്വപ്നവുമായി മദിരാശിയിൽ കറങ്ങി നടന്നതുമെല്ലാം ഇരിങ്ങാലക്കുടക്കാരേക്കാൾ മലയാളി പ്രേക്ഷക സമൂഹത്തിനു മനഃപാഠമായത് ഇന്നച്ചൻ പറഞ്ഞ അനുഭവങ്ങളിലൂടെ തന്നെയായിരുന്നു.
ഇന്നലെകളിലെ ജീവിതാനുഭവങ്ങളെ സ്വതസിദ്ധമായ നർമത്തിൽ ചാലിച്ച് പ്രേക്ഷക മനസുകളിൽ പകർന്നു നൽകുന്പോൾ അതിലൂടെ അനുഭവ പാഠങ്ങൾ കൂടി പകർന്നു നല്കാൻ ഇൗ ഹാസ്യ സാമ്രാട്ട് പരമാവധി പരിശ്രമിച്ചിരുന്നു.
ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നൽകാൻ തന്റെ കൈയിൽ “ഫലിതം’ എന്നൊരു ദിവ്യ ഒൗഷധമുണ്ടെന്ന് ഇന്നസെന്റ് പലവുരു തെളിയിച്ചു. കാൻസർ വാർഡിൽ നിന്നും കണ്ടെത്തിയ ചിരിത്തുണ്ടുകൾ “കാൻസർവാർഡിലെ ചിരി’ എന്ന പുസ്തകത്തി ലൂടെയും പലതവണ അതിജീവനത്തിന്റെ തീക്ഷ്ണാനുഭവങ്ങൾ ടിവി ഷോകളിലൂടെ പകർന്നു നൽകിയപ്പോഴും പത്നി ആലീസ് മാത്രമല്ല അയൽക്കാരായ ചേടത്തിമാരും കന്യാസ്ത്രീകളും ഒക്കെ കഥാപാത്രങ്ങളായെത്തി.
ഇരിങ്ങാലക്കുട ദേശം ഇന്നച്ചനൊരു വികാരമായിരുന്നു. സിനിമാ നടനായി അല്പം സന്പാദ്യമൊക്കെയായപ്പോൾ ചെന്നെെയിൽ ഒരു വീടു വാങ്ങി താമസം മാറ്റുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇൗ ഇരിങ്ങാലക്കുട പ്രേമം അത്രമേൽ വ്യക്തമാക്കുന്നതായിരുന്നു:
“ഇരിങ്ങാലക്കുടയുടെ അതിരുകൾ വിട്ട് ഭൂമിയിൽ ഒരിടത്തേക്കും എന്നെന്നേക്കുമായി പോവാൻ എനിക്കാവില്ല. കാരണം ഞാൻ തോറ്റുതോറ്റിരുന്ന സ്കൂളുകൾ ഇവിടെയാണ്. പലപല വേഷങ്ങൾ കെട്ടി പരാജയപ്പെട്ടു വന്ന് തലചായ്ച്ചുറങ്ങിയത് ഇവിടെയാണ്. ഒടുവിൽ എംപിയായതും ഇവിടെ താമസിച്ചുതന്നെ.
പിന്നെ എന്റെ പ്രിയപ്പെട്ട അപ്പനും അമ്മയും ഉറങ്ങുന്നതും ഇരിങ്ങാലക്കുട പള്ളിയിലെ മണ്ണിലാണ്. പിന്നെ ഞാൻ എങ്ങോട്ടു പോകാൻ..? പോയാൽ തന്നെ എത്ര ദൂരം…’
ക്രൈസ്റ്റ് കോളജ് നിലകൊള്ളുന്ന മങ്ങാടിക്കുന്നിലെ “പാർപ്പിട’ത്തിലെ ദീർഘനാളത്തെ വാസത്തിനുശേഷം ഇരിങ്ങാലക്കുട സൗത്ത് ബസാർ റോഡിലേക്കു മാറിയപ്പോഴും കുറച്ചുനാൾ മുന്പ് അതേ ലെെനിൽ പുതുതായി പണികഴിപ്പിച്ച വീട്ടിലേക്കു മാറിയപ്പോഴും വീടിന്റെ പേര് “പാർപ്പിടം’ തന്നെ.
അപ്പൻ പറയുന്ന കഥകൾ കേട്ട് ഇരിങ്ങാലക്കുടയുടെ ഇടവഴികളിലൂടെ നടന്ന് അയ്യങ്കാവ് മെെതാനിയിലെത്തുന്നതും അവിടെയിരുന്ന് കഥകളുടെ ക്ലൈമാക്സും ഗുണപാഠവും കേട്ടതുമെല്ലാം ഇന്നസെന്റ് പലപ്പോഴും പങ്കുവയ്ക്കുമായിരുന്നു.
അയ്യങ്കാവ് മെെതാനത്തിനടുത്തുകൂടെ കടന്നുപോകുന്പോൾ “ഇൗ കഥ നിനക്ക് ഇഷ്ടായോ’ എന്ന അപ്പന്റെ ചോദ്യം കാതുകളിൽ മുഴങ്ങാറുണ്ടെന്ന് ഇന്നസെന്റ് പലപ്പോഴും പറയാറുണ്ട്.
ഇരിങ്ങാലക്കുടയുടെ മുക്കും മൂലയും കൊളംബോ ഹോട്ടലും ബീഫ് കറിയും വരെ ലോകം മുഴുവനും എത്തിച്ച ഇന്നസെന്റ് ഇനി ഇരിങ്ങാലക്കുടയുടെ പെെതൃക ഭൂവിൽ, കത്തീഡ്രൽ പള്ളിയിലെ ആറടിമണ്ണിൽ വിശ്രമിക്കും, പ്രിയ മാതാപിതാക്കളോടൊപ്പം…