സിബിൽ ജോസ്
കോട്ടയം: വിശാലമായ ജീവിതത്തിലെ നിറഞ്ഞുതുളമ്പുന്ന അനുഭവങ്ങൾ കാണിച്ചുതന്നാണ് ഇന്നസെന്റ് എന്ന മനുഷ്യൻ എല്ലായ്പ്പോഴും സംസാരിക്കുക. അനുഭവങ്ങളത്രയും അയാൾ നേടിയത് ഉൾക്കാമ്പുള്ള ആ ജീവിതത്തിൽ നിന്നാണ്.
നടനായും എംപിയായും തിളങ്ങിയ ഇന്നസെന്റിന്റെ അടുത്തേക്ക് പറയാതെ വന്ന അതിഥിയാണ് അർബുദം. ചിലപ്പോൾ അർബുദം പോലും നാണംകെട്ടിട്ടുണ്ടാകും.
ഏത് നേരത്താണോ ഈ മനുഷ്യന്റെ അടുത്തേക്ക് എത്താൻ തോന്നിയെതന്ന് ചിന്തിച്ചിട്ടുണ്ടാകും. അത്രയധികം ആ രോഗത്തെ ചിരിപ്പിച്ചിട്ടുണ്ടാകും അദ്ദേഹം.
കഥകൾ പറഞ്ഞും നീട്ടി മൂളിയും സംഭാഷണങ്ങളിൽ ശബ്ദവ്യതിയാനം വരുത്തിയും കാണികളെ പൊട്ടിച്ചിരിപ്പിച്ച ഇന്നച്ചന് അർബുദം ബാധിച്ചത് ശ്വാസനാളത്തിലാണ്.
മഹാരോഗം ശ്വാസനാളത്തെ കാർന്നുതിന്നുന്പോഴും ശക്തമായി അദ്ദേഹം ചിരിച്ചു. “എന്താടോ വാര്യരെ’ എന്നു ചിലപ്പോൾ അദ്ദേഹം ചോദിച്ചിട്ടുണ്ടാകും.
ആ കയ്പേറിയ അനുഭവങ്ങൾ അദ്ദേഹം ചിരിയിൽ ചാലിച്ച് പുസ്തകരൂപത്തിലാക്കിയതോടെ കാൻസർ വാർഡിലെ ചിരി എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച അതിജീവന രചനയ്ക്ക് ജീവൻവച്ചു.