ഇരിങ്ങാലക്കുട: ഫെയ്സ് ബുക്കിൽ മറ്റും വ്യാജപ്രചാരണം നടത്തിയവർക്കെതിരെ സിനിമാതാരവും മുൻ എംപിയുമായ ടി.വി. ഇന്നസെന്റ് സൈബർ സെല്ലിൽ പരാതി നൽകി.
തൃശൂർ റൂറൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണു ഇന്നസെന്റ് പരാതി നൽകിയത്.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫിനു വേണ്ടി അദ്ദേഹം പ്രവർത്തിക്കുകയും എൽഡിഎഫിന്റെ പല പൊതു പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ യുഡിഎഫിനെ പിന്തുണയ്ക്കുന്നു എന്ന തരത്തിൽ തെറ്റായ പ്രചരണം നടത്തുകയും ഇതിന്റെ ഭാഗമായി ഒട്ടേറെ വ്യാജ പോസ്റ്ററുകളും പ്രസ്താവനകളും തയാറാക്കി ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ വേദികളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തന്റെ ഫെയ്സ്ബുക്കിൽ മറുപടി നൽകിരുന്നു. എന്നാൽ തുടർന്നും വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു സൈബർ സെല്ലിൽ പരാതി നൽകുന്നതെന്നു ഇന്നസെന്റ് പറഞ്ഞു.