ചാലക്കുടി: നഗരസഭ ഭരണത്തിന്റെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ടൗൺഹാൾ, നഗരസഭ പാർക്ക് തുടങ്ങിയവയുടെ ഉദ്ഘാടനം നടത്താൻ തിരക്കിട്ട ശ്രമം ആരംഭിച്ചു.
ഉദ്ഘാടനങ്ങൾ തീരുമാനിക്കാൻ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അടിയന്തര കൗൺസിൽ യോഗം വിളിച്ചു.
ടൗൺഹാൾ, നഗരസഭ പാർക്ക്, ഇൻഡോർ സ്റ്റേഡിയം നവീകരിച്ച വനിതാ ഹോസ്റ്റൽ, നവീകരിച്ച ക്രിമറ്റോറിയം, അങ്കണവാടികൾ, വയോജനമന്ദിരം എന്നിവയുടെ ഉദ്ഘാടനവും ആയുഷ് ഹോസ്പിറ്റൽ സമുച്ചയത്തിന്റെ നിർമാണ ഉദ്ഘാടനവും സംബന്ധിച്ച അജണ്ടയാണ് കൗൺസിലിൽ വച്ചിട്ടുള്ളത്.
ടൗൺഹാളിന്റെ ഉദ്ഘാടനം കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചതായിരുന്നു. മുഴുവൻ നിർമാണവും പൂർത്തീകരിച്ചിരുന്നില്ല.
ഇപ്പോൾ ഉദ്ഘാടനത്തിനുവേണ്ടി തകൃതിയായി പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. നഗരസഭ പാർക്കിന്റെ ഒന്നാംഘട്ടം ഈ കൗൺസിൽ അധികാരമേറ്റപ്പോൾ ഒരുവർഷത്തിനകം പൂർത്തീകരിക്കാൻ തീരുമാനിച്ചതായിരുന്നു.
എന്നാൽ, ഇപ്പോഴും ഒന്നാംഘട്ട നിർമാണം പൂർത്തിയായിട്ടില്ല. ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണവും നടന്നുകൊണ്ടിരിക്കുകയാണ്.
കൗൺസിലിന്റെ കാലാവധി തീരുംമുന്‍പ് എല്ലാ ഉദ്ഘാടനങ്ങളും ഒന്നിച്ച് നടത്താനാണ് നീക്കം.