മലയാളികളുടെ പ്രിയങ്കരനായ നടനും പാർലിമെന്റിയനുമായ ഇന്നസെന്റ് തന്റെ പഴയകാല സുഹൃത്തും നടനുമായ ദിലീപ് മുസ്തഫയും ഒരുമിച്ച് സൂപ്പർസ്റ്റാർ ജയൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നു. മദ്രാസിൽ നിന്ന് പിരിഞ്ഞശേഷം വളരെ നാളുകൾക്ക് ശേഷമാണ് ദിലീപ്മുസ്തഫ ഇന്നസെന്റിനെ കാണുന്നതും താൻ അഭിനയിക്കുന്നതും ഉടനെ ചിത്രീകരണം ആരംഭിക്കുന്നതുമായ സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നതും.
ചെറിയകഥാപാത്രങ്ങൾക്കായി അടുത്തകാലത്തൊന്നും ഇന്നസെന്റ് ഡേറ്റ് കൊടുക്കാറില്ലെങ്കിലും ദിലീപ് മുസ്തഫയ്ക്ക് വേണ്ടി നാലു ദിവസത്തെ ഡേറ്റ് തരാമെന്ന് ഇന്നസെന്റ് സമ്മതിച്ചപ്പോൾ ദിലീപിനും കൂടെയുള്ളവർക്കും സന്തോഷം.
വളാഞ്ചേരിക്കാരനായ മുസ്തഫ 14-ാം വയസിലാണ് അഭിനയമോഹവുമായി മദ്രാസിൽ എത്തുന്നത്. അന്നത്തെ സൂപ്പർതാരമായിരുന്ന തിക്കുറിശ്ശിയുടെ ശിപാർശയിൽ കുസൃതിക്കുട്ടൻ എന്ന സിനിമയിൽ നായകന്റെ സുഹൃത്തായി അഭിനയിച്ചു. തിക്കുറിശ്ശി അനുഗ്രഹിച്ച് ദിലീപ് മുസ്തഫ എന്ന് പേരിടുകയും ചെയ്തു.
അക്കാലത്ത് മദ്രാസിൽ ഉണ്ടായിരുന്ന എല്ലാ പ്രമുഖ സിനിമക്കാരുടെയും പ്രിയമിത്രമായിത്തീർന്ന ദിലീപ് മുസ്തഫ 25-ൽ പരം സിനിമകളിൽ അഭിനയിച്ച ശേഷം ഗൾഫിലേക്ക് പോവുകയാണുണ്ടായത്.
ജീവിത പ്രാരാബ്ധങ്ങളെല്ലാം തീർന്നശേഷം നാട്ടിലെത്തിയ ദിലീപ് മുസ്തഫ നാട്ടിലെ സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിച്ചുവരുന്നതിനിടയിലാണ് ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് ഒരുക്കുന്ന ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് വീണ്ടും സിനിമയിൽ എത്തുന്നത്. ഈ ചിത്രത്തിലാണ് ദിലീപ് മുസ്തഫയ്ക്കൊപ്പം ഇന്നസെന്റ് അഭിനയിക്കാമെന്ന് ഉറപ്പുകൊടുത്തിരിക്കുന്നത്.